'വിശ്വാസികളെ വഞ്ചിച്ചിട്ടില്ല, ആചാരലംഘനമല്ല; തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ മെസിയുടെ ചിത്രം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി ദേവസ്വം

തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടയ്ക്ക് അര്‍ജന്റീന ഫുട്ബോള്‍ താരം മെസിയുടെ ചിത്രം ഉയര്‍ത്തിയതു സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് തിരുവമ്പാടി ദേവസ്വം. കാര്‍ഗില്‍ യുദ്ധസമയത്ത് ജവാന്മാരുടെ ചിത്രവും ഉയര്‍ത്തിയിരുന്നു. സൗഹൃദ മത്സരത്തിന്റെ ഭാഗമായാണ് മെസിയുടെ ചിത്രം ഒരുക്കിയതെന്നും ഭാരവാഹികള്‍ പ്രതികരിച്ചു. കുടമാറ്റം പാറമേക്കാവും തിരുവമ്പാടിയും തമ്മിലുള്ള മത്സരമാണ്. അതല്ലാതെ വിശ്വാസവും ആചാരവുമല്ല. ഇതിന് ഫാന്‍സി കുടയെന്നാണ് പറയുന്നത്. ഉള്ളടക്കത്തില്‍ വലിയ പ്രസക്തിയില്ല.

Read more

അവസാനത്തേതായാണ് മെസിയുടെ ചിത്രമുള്ള കുട ഉയര്‍ത്തിയത്. ലോകമാകെ തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഒന്നാണ് കുടമാറ്റം. തിരുവമ്പാടി ദേവസ്വത്തിന്റെ പൂരാശംസകള്‍ എന്ന് പറഞ്ഞാണ് മെസിയുടെ ചിത്രം അവതരിപ്പിച്ചത്. വിശ്വാസികളെ വഞ്ചിച്ചിട്ടില്ല. കാര്‍ഗില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ ജവാന്റെ കുടയും ഉയര്‍ത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. പാറമേക്കാവ് ഈവര്‍ഷം പുലിക്കളിയുടെ ചിത്രം വെച്ചുള്ള കുട ഉയര്‍ത്തി. ഇതിലൊന്നും വിവാദം കണ്ടെത്തേണ്ട കാര്യമില്ലെന്നും ലോകത്തിന് മുന്നില്‍ വലിയ സന്ദേശമാണ് തൃശൂര്‍ പൂരം നല്‍കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.