ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്ന നിലപാട് ശരിയല്ല; ബി.ജെ.പിയെ വെറുതെ ചാപ്പ കുത്തരുത്, മോദിയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പൊലീത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് രംഗത്ത്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പ കുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന പൊതു നിലപാട് ശരിയല്ല. കല്‍ക്കത്തയില്‍ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ താനടക്കമുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ അക്രമികള്‍ മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.

ബിജെപി നേതാവ് എന്‍. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തയുടെ മോദിയെ പുകഴ്ത്തി സംസാരിച്ചത്. ആളുകളുടെ വ്യക്തിത്വം വികസനമാണ് ആര്‍ എസ് എസ് ലക്ഷ്യമെന്നാണ് താന്‍ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍ എസ് എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് അഭിപ്രായപ്പെട്ടു.

ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടത്.

ബിജെപിയുടെ നിശ്ശബ്ദ പിന്തുണ അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.