മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം;  പ്രകടനവുമായി നിരത്തിലിറങ്ങിയ നൂറോളം പേര്‍ക്കെതിരെ പൊലീസ് ലാത്തി വീശി

മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നൂറോളം തൊഴിലാളികള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു.

നിരവധി അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഞങ്ങള്‍ക്ക് ഭക്ഷണം കൃത്യമായി കിട്ടുന്നുണ്ട്. എന്നാല്‍ ഭക്ഷണം വേണ്ട, നാട്ടിലെത്താന്‍ സൗകര്യം ചെയ്തു തന്നാല്‍ മതിയെന്നാണ് അതിഥി തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രകടനത്തിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read more

നേരത്തെ കോട്ടയത്ത് പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.