സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധം; വൈദ്യുതി മന്ത്രി

കെഎസ്ഇബിയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പദ്ധതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടോട്ടക്സ് മോഡലിലൂടെ അല്ലാതെ മൂന്നു ലക്ഷത്തിൽ താഴെ വരുന്ന, വ്യവസായ വാണിജ്യ ഉപഭോക്താക്കൾക്ക് സ്മാർട്ട് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

വൈദ്യുത മന്ത്രിയുടെ കുറിപ്പ്;

” ടോട്ടക്സ് മോഡലിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നതിനായി കെഎസ്ഇബി ടെണ്ടര്‍ വിളിച്ചിരുന്നു. അതിൽ 45% ത്തോളം അധിക തുകയാണ് കോട്ട് ചെയ്യപ്പെട്ടത്. ഈ രീതിയില്‍ നടപ്പാക്കിയാല്‍ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 80 രൂപയോളം അധികഭാരം വരുമെന്ന് കണ്ടതിനാൽ ആ ടെൻഡർ സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കുകയുണ്ടായി.

തുടർന്ന് സാധാരണക്കാർക്ക് അധിക ബാധ്യത ഉണ്ടാകാത്ത രീതിയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ബദൽ നിർദ്ദേശം മൂന്ന് മാസത്തിനുള്ളില്‍ സമർപ്പിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ഇതിനോടൊപ്പം കേരളത്തില്‍ ചിലവ് കുറഞ്ഞ ബദൽ മാർഗ്ഗത്തിലൂടെ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കാൻ മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രിക്ക് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി തന്നെ കത്തെഴുതുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടോട്ടക്സ് മോഡലിലൂടെ അല്ലാതെ മൂന്നു ലക്ഷത്തിൽ താഴെ വരുന്ന, വ്യവസായ വാണിജ്യ ഉപഭോക്താക്കൾക്ക് സ്മാർട്ട് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്

പുതിയ സംവിധാനത്തില്‍ ബില്ലിംഗ്, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള സോഫ്റ്റ് വെയര്‍ കെഎസ്ഇബിതന്നെ രുപപ്പെടുത്തും. കെ-ഫോണ്‍ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച് വിവര വിനിമയം നടത്തും. കെഎസ്ഇബി ഡാറ്റ സെന്റര്‍ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്താവുന്നതാണ്. പഴയ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി ജീവനക്കാര്‍ തന്നെ നടത്തും എന്നാണ് യോഗത്തില്‍ എടുത്ത തീരുമാനം.

Read more

ഈ ബദല്‍ മോഡലിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടേണ്ടതുണ്ട്.
വിതരണ ഉപ പ്രസരണ മേഖലയിലെ നവീകരണത്തിനും ശാക്തീകരണത്തിനുമായി ഒന്നാം ഘട്ടത്തില്‍ സമര്‍പ്പിച്ച ഏകദേശം 4000 കോടി രൂപയുടെ പദ്ധതിയ്ക്ക് പുറമേ, ഏകദേശം പതിനായിരം കോടി രൂപയുടെ പദ്ധതിയ്ക്ക് കൂടി അനുമതി നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണന്‍കുട്ടിയ്ക്ക് നേരിട്ട് ഉറപ്പ് തന്നതാണ്. അതിനുള്ള പദ്ധതിയും നാം തയ്യാറാക്കി കഴിഞ്ഞു. ” മന്ത്രി അറിയിച്ചു.