നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍. കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ അവസ്ഥയാണ്. അമിതാഭ് ബച്ചന്റെ പൊക്കം ഉണ്ടായിരുന്ന ഒരു പാര്‍ട്ടിയുടെ അവസ്ഥയാണിത്. മലയാളത്തിന്റെ പ്രിയ നടനായ ഇന്ദ്രന്‍സിനെ അപമാനിച്ചുകൊണ്ടും ബോഡി ഷെയ്മിംഗ് നടത്തിയുമാണ് വാസവന്‍ സഭയില്‍ സംസാരിച്ചത്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, ടെംപ്ലേറ്റ് മാതൃകാ പരിഷ്‌കാരത്തില്‍ ആധാരമെഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടില്ലെന്ന് മന്ത്രി അറിയിച്ചു. ലൈസന്‍സുള്ള ആധാരമെഴുത്തുകാരന്‍, അഭിഭാഷകന്‍, ആധാരത്തിലെ കക്ഷികള്‍ എന്നിവര്‍ക്ക് ആധാരങ്ങള്‍ തയ്യാറാക്കാന്‍ അധികാരമുണ്ട്. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഫോം രൂപത്തിലുള്ള ആധാരങ്ങള്‍ ഈ മൂന്നു വിഭാഗത്തിനും തയ്യാറാക്കാം. ടെംപ്ലേറ്റ് സംവിധാനത്തിലൂടെ ആധാരങ്ങള്‍ തയ്യാറാക്കുകയെന്നാല്‍ രജിസ്‌ട്രേഷന്‍ വെബ് പോര്‍ട്ടലിലുള്ള വെബ് ആപ്ലിക്കേഷന്റെ സഹായത്തോടെ ആധാരം തയ്യാറാക്കുക എന്നതാണെന്നും കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
Read more
മാതൃക ഫോം മാര്‍ഗനിര്‍ദേശകം മാത്രമാണ്. ആധാര കക്ഷികള്‍ക്ക് അതിലെ വ്യവസ്ഥകള്‍, കരാറുകള്‍ എന്നിവയെല്ലാം ഇച്ഛാനുസരണം മാറ്റാം. തയ്യാറാക്കുന്ന ആധാരങ്ങള്‍ ഇ- സ്റ്റാമ്പ് ഉള്‍പ്പെടെ പിഡിഎഫായി ഡൗണ്‍ലോഡ് ചെയ്യാം. ശരിപ്പകര്‍പ്പ് ഉള്‍പ്പെടെ രജിസ്‌ട്രേഷനായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കാം. ആധാര കക്ഷികളുടെ വിരല്‍പ്പതിപ്പും ഫോട്ടോയും ഡിജിറ്റല്‍ രൂപത്തില്‍ സേവ് ചെയ്തതിനുശേഷം രജിസ്റ്ററിങ് ഉദ്യോഗസ്ഥന്‍ ആധാരത്തിന്റെ പുറത്തെഴുത്തുകള്‍ക്കുപകരം വിരല്‍പ്പതിപ്പും ഫോട്ടോയും ഉള്‍പ്പെടെ വിവരങ്ങള്‍ ആധാരത്തില്‍ പ്രിന്റ് ചെയ്യും. രജിസ്‌ട്രേഷനുശേഷം പുറത്തെഴുത്തിന്റെ പ്രിന്റുചെയ്ത പകര്‍പ്പ് ആധാരത്തിന്റെ ശരിപ്പകര്‍പ്പിനൊപ്പംചേര്‍ത്ത് ഫയല്‍ ചെയ്യും. നടപടികള്‍ പൂര്‍ത്തിയാക്കി അസ്സല്‍ ആധാരം സ്‌കാന്‍ ചെയ്തശേഷം തിരികെ നല്‍കും. ഈ നടപടിക്രമങ്ങള്‍ പാലിക്കുകയാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസംതന്നെ ആധാരം തിരികെ നല്‍കാനാകും.