ആദ്യ രണ്ട് മത്സരങ്ങളിലെ വിജയങ്ങളിലൂടെ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മികച്ച തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ലഭിച്ചത്. രജത് പാട്ടിധാറിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ 50 റണ്‍സിന്റെ വിജയവുമാണ് ആര്‍സിബി നേടിയത്. ടൂര്‍ണമെന്റിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ആര്‍സിബി നേരിടുക. ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് ബെംഗളൂരു മുന്നേറുന്നത്. അതുകൊണ്ട് തന്നെ ഗുജറാത്ത്-ആര്‍സിബി പോരാട്ടം തീപാറുമെന്നതില്‍ സംശയമില്ല. പഞ്ചാബ് കിങ്‌സിനോട് ആദ്യ മത്സരത്തില്‍ 11 റണ്‍സിന് തോറ്റും രണ്ടാം മത്സരത്തില്‍ മുംബൈയെ 36 റണ്‍സിന് തോല്‍പ്പിച്ചുമാണ് ഗുജറാത്തിന്റെ വരവ്.
അതേസമയം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബെംഗളൂരുവിനെ ഗുജറാത്തിന് എളുപ്പം തോല്‍പ്പിക്കാനാവുമെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. പവര്‍പ്ലേ ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കാറുളള ആര്‍സിബി ബാറ്റര്‍മാരായ വിരാട് കോലിയെയും ഫില്‍ സാള്‍ട്ടിനെയും തളയ്ക്കാന്‍ ആദ്യം തന്നെ സായി കിഷോറിനെ ഗുജറാത്ത് ഇറക്കണം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റുകളാണ് സായി വീഴ്ത്തിയത്. ഇടംകയ്യന്‍ സ്പിന്നറായ സായി കിഷോറിനെ പവര്‍പ്ലേ ഓവറുകളില്‍ ഉപയോഗിക്കുകയാണെങ്കില്‍ ബെംഗളൂരുവിന്റെ തുടക്കത്തിലെ കുതിപ്പ് ഗുജറാത്തിന് തടയാനാവും. ആദ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നേടാനായാല്‍ കുറഞ്ഞ സ്‌കോറില്‍ ബെംഗളൂരുവിനെ തളയ്ക്കാം.
കൂടാതെ പവര്‍പ്ലേയ്ക്ക് ശേഷമുളള ഓവറുകളില്‍ പേസര്‍മാരെ ബോളിങിന് ഇറക്കുന്നത് ആര്‍സിബി നായകന്‍ രജത് പാട്ടിധാറിന്റെ ഇന്നിങ്‌സിനെ നിയന്ത്രിക്കാനും ഒരുപരിധിവരെ ഗുജറാത്തിനെ സഹായിക്കും. സ്പിന്നിനെതിരെ മികച്ച റെക്കോഡുളള താരമാണ് പാട്ടിധാര്‍. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ. ഇഷാന്ത് ശര്‍മ്മ, പ്രസിദ്ധ് കൃഷ്ണ ഉള്‍പ്പെട്ട പേസ് അറ്റാക്കിന് സായി കിഷോറിന്റെ സ്‌പെലിന് ശേഷം കാര്യങ്ങള്‍ നിയന്ത്രിക്കാനാവും. കൂടാതെ ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങിയ ഗുജറാത്തിന്റെ ഓപ്പണിങ് ബാറ്റര്‍മാരായ ശുഭ്മാന്‍ ഗില്ലും സായി സുദര്ശനും കരുതലോടെ ബെംഗളൂരുവിന്റെ ജോഷ് ഹെയ്‌സല്‍വുഡ്-ഭുവനേശ്വര് കുമാര്‍ പേസ് അറ്റാക്കിനെ നേരിടണം. സിഎസ്‌കെയ്‌ക്കെതിരെ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകളാണ് ആര്‍സിബി നേടിയത്. ഗില്ലിനും സുദര്‍ശനും കരുതലോടെ മുന്നോട്ടുപോവാനായാല്‍ ജിടിക്ക് കാര്യങ്ങള്‍ എളുപ്പമാവും. ബെംഗളൂരു ബൗളിങ്ങില്‍ ക്രൂനാല്‍ പാണ്ഡ്യ, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും സുയാഷ് ശര്‍മ്മ ഇതുവരെ ഒരു ഇംപാക്ടുളള പ്രകടനം നടത്തിയിട്ടില്ല. ഗുജറാത്തിന്റെ ടോപ് ഓര്ഡറിന് ബെംഗളൂരുവിന്റെ സ്പിന്നിനെ നിയന്ത്രിക്കാനായാല്‍ ചെറിയ ബൗണ്ടറി ലൈനുളള ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവര്‍ക്ക് തിളങ്ങാനാവുകയും വിജയം കൈപിടിയിലൊതുക്കാനും കഴിയും.