വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; മൂവരും തമിഴ്നാട് തീരത്ത് സുരക്ഷിതര്‍

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. തമിഴ്നാട്ടിലെ കുളച്ചല്‍ പട്ടണം എന്ന സ്ഥലത്താണ് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷിച്ചതെന്ന് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നീ മൂവരും ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മൂന്ന് പേരെയും കുളച്ചല്‍ പട്ടണം മേഖലയില്‍ നിന്നും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

Read more

അതിനിടെ, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഉള്‍പ്പെടെ നിരോധനം നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് ഇന്നും നാളെയുമാണ് മത്സ്യബന്ധനത്തിന് വിലക്ക് നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് നടപടി.