പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കി ക്രൈംബ്രാഞ്ച്. മോന്സന് മാവുങ്കലില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കടമായിട്ടാണ് പണം വാങ്ങിയത്. തട്ടിപ്പില്‍ നേരിട്ട് പങ്കുളളതായി തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഐജി ലക്ഷ്മണയടക്കമുളളവരെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥര്‍ മോന്‍സനുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ക്രൈംബ്രാഞ്ച്.മുന്‍ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോന്‍സനുമായി വലിയ അടുപ്പമാണ് ഉണ്ടായിരുന്നത്. എന്നാല്‍ തട്ടിപ്പില്‍ പ്രതിയാക്കാന്‍ തെളിവില്ല.
അതുകൊണ്ടാണ് സസ്പെന്‍ഷനും വകുപ്പുതല അന്വേഷണവും തുടരുന്നത്. മോന്‍സന്റെ കൊച്ചിയിലെ വീട്ടില്‍ പെട്രോളിങ് ബുക് വെച്ചത് സാധാരണ നടപടി മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്സന് കൈമാറിയത്. സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read more
അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ.ജി ലക്ഷ്മണയുടെ സസ്പെന്ഷന് നീട്ടി. മൂന്ന് മാസത്തേക്കാണ് സസ്പെന്ഷന് നീട്ടിയിരിക്കുന്നത്. മോന്സന് മാവുങ്കലുമായി അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്.