കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതി പിടിയിൽ

കൊല്ലം തിരുവനന്തപുരം തീരപാതയില്‍ പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി ആശിഷ് പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് ആശിഷിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ വച്ചാണ് എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കേതില്‍ ഷംലക്കും മകൻ ഷാലുവിനും ആശിഷില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമ്മയും മകനും. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് ആക്രമിച്ചത്.

ഷംലയെ തലമുടിയില്‍ കുത്തിപ്പിടിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട അക്രമി തടയാനെത്തിയ മകനെ അസഭ്യം പറഞ്ഞ് കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഷംലയുടെ കഴുത്തില്‍ പിടിച്ചു തള്ളിയ അക്രമി ചവിട്ടുകയും കമ്പിവടി കൊണ്ട് അടിക്കുകയും ചെയ്തു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കണമെന്ന് അക്രമി ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു.

തങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ കണ്ടുനിന്നവര്‍ പോലും ഇടപെട്ടില്ലെന്നും ഷംല പറയുന്നു. തങ്ങള്‍ ആ നാട്ടുകാരല്ലെന്നും മര്‍ദ്ദിച്ചയാളെ അറിയില്ലെന്നും അയാളുമായി യാതൊരു മുന്‍വൈരാഗ്യവുമില്ലെന്നും ഷംല പറയുന്നു.

“വിശന്നിട്ടാണ് അവിടെ വെച്ച് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചത്. എന്നിട്ട് ഭക്ഷണം കഴിക്കാന്‍ പോലുമായില്ല. ഭര്‍ത്താവ് ജോലി സംബന്ധമായ ആവശ്യത്തിന് മറ്റൊരു സ്ഥലത്താണ്. എന്റെ ചികിത്സയുടെ കാര്യങ്ങള്‍ക്ക് എന്റെ മകനാണ് കൊണ്ടു പോകുന്നത്. വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കും,” എന്ന് ഷംല പറഞ്ഞിരുന്നു.

അക്രമിയുടെ കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട് ഷാലുവിന്‍റെ കൈ ഞരമ്പിന് മുറിവേറ്റിരുന്നു. പിന്നീട് ആശുപത്രിയിലെത്തി മുറിവ് തുന്നിക്കെട്ടി.