അവന്‍ കാണിച്ചത് ബുദ്ധിമോശം, അന്ന് മരിച്ചിരുന്നുവെങ്കില്‍ വീണ്ടും ആ മലയില്‍ ആളുകള്‍ കയറുമായിരുന്നോ ; ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ

മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് മാതാവ് റഷീദ. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്ന് അവര്‍ പറഞ്ഞു. എന്റെ മകന്‍ മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ. ഒരാള്‍ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസില്‍ ഇളവു നല്‍കിയത് അവസരമായി കാണരുത്’ അവര്‍ ട്വന്റിഫോറുമായുള്ള പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ബാബു കയറിയ ചെറാട് കൂര്‍മ്പാച്ചി മലയില്‍ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്ലാഷുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മലയില്‍ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയില്‍ കയറരുത് എന്ന് വനംവകുപ്പ് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം. മലയുടെ ഏറ്റവും മുകളില്‍ നിന്നാണ് ഫ്ളാഷ് കണ്ടത്.

Read more

തുടര്‍ന്ന് വനം വകുപ്പും ഫയര്‍ ഫേഴ്സും നടത്തിയ ശ്രമത്തില്‍ മലയില്‍ കയറിയ ആളെ കണ്ടെത്തി. രാധാകൃഷ്ണനെന്ന ആദിവാസി യുവാവാണ് മലയില്‍ കയറിയത്. മലയുടെ പരിസരം ഈ യുവാവിന് കൃത്യമായി അറിയാമായിന്നെന്നാണ് പ്രദേശവാസികള്‍ വിലയിരുത്തുന്നത്.