മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയുടെ മടക്കയാത്ര വൈകും; ചരക്കിറക്കാൻ സമയമെടുക്കുന്നത് കാരണം

വിഴിഞ്ഞം തുറമുഖത്ത് നിന്ന് മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയുടെ മടക്കയാത്ര നാളെയായിരിക്കുമെന്ന് സൂചന. ട്രയൽ റണ്ണിന് തുടക്കമായയതോടെ വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കുന്നത്. അതുകൊണ്ട് തന്നെ ചരക്കിറക്കുന്നതിന് കൂടുതൽ സമയം എടുക്കുന്നുണ്ട്. കണ്ടെയ്നറുകൾ ഇറക്കി കഴിഞ്ഞാൽ ഉടൻ സാൻ ഫെർണാൻഡോ കപ്പൽ കൊളംബോയിലേക്ക് തിരിക്കും.

കപ്പൽ ഇന്നലെ വൈകിട്ട് കൊളംബോയിലേക്ക് യാത്ര തിരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ വൈകുകയായിരുന്നു. നിലവിൽ ആയിരത്തിലധികം കണ്ടെയ്നറുകൾ യാർഡിൽ ഇറക്കിക്കഴിഞ്ഞു. അതേസമയം കണ്ടെയ്നറുകൾ ഇറക്കുന്ന പ്രവർത്തനം നേരത്തെ പൂർത്തിയായാൽ ഇന്ന് തന്നെ കപ്പൽ പുറപ്പെടും. ജൂലൈ 15നാണ് സാൻ ഫർണാണ്ടോയുടെ കൊളംബോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരുന്നത്.

അതേസമയം കപ്പൽ മടങ്ങുന്നതനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തും. മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെയുള്ള കപ്പലുകളാണ് എത്തുക. മെഡിറ്ററെനിയൻ ഷിപ്പിങ് കമ്പനിയുടെ 400മീറ്റർ നീളമുള്ള കപ്പലും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നിനാണ് കപ്പൽ വിഴിഞ്ഞം തീരം തൊട്ടത്. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. ജൂലൈ 12 ന് മുഖ്‌ജ്യമന്ത്രി പിണറായി വിജയൻ ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രിയും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കി. ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.