ഓള്‍ ഇന്ത്യ പെര്‍മിറ്റുകള്‍ തിരിച്ചടിച്ചു; ടൂറിസ്റ്റ് ബസുകളെ കേരളത്തില്‍ നിലനിര്‍ത്താന്‍ നീക്കം; നികുതിയില്‍ ഇളവ്, സീറ്റിന് 1000 രൂപ വരെ കുറയും

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ഓള്‍ ഇന്ത്യ പെര്‍മിറ്റില്‍ കേരളത്തില്‍ ഓടുന്ന ബസുകളിലൂടെയുള്ള നികുതി ചോര്‍ച്ച തടയാന്‍ നീക്കവുമായി സര്‍ക്കാര്‍. ഓള്‍ ഇന്ത്യ പെര്‍മിറ്റ് അടക്കമുള്ള എല്ലാ ടൂറിസ്റ്റ് ബസുകളുടെയും രജിസ്ട്രേഷനുള്ള നികുതി കുറയ്ക്കാന്‍ തീരുമാനിച്ചുവെന്ന് ധനമന്ത്രി അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തുവരുന്ന ടൂറിസ്റ്റ് ബസുകളുടെ എണ്ണം വളരെ കുറവാണ്.

കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ നികുതി കുറവുള്ള നാഗലന്‍ഡ്, അരുണാചല്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ സര്‍വീസ് നടത്തുന്നത് തടയാനാണ് പുതിയ നികുതി പരിഷ്‌കരണം ബജറ്റില്‍ കൊണ്ടുവന്നത്.

ഇതു പ്രകാരം ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ്റ്റ് ഓര്‍ഡിനറി സീറ്റിന്റെ ത്രൈമാസ നികുതി സീറ്റൊന്നിന് 2250 രൂപ എന്നത് 1500 രൂപയായി കുറച്ചു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ് പുഷ്ബാക്കിന്റെ നികുതി 3000 രൂപയില്‍ നിന്ന് 2000 രൂപയായും ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ് സ്ലീപ്പര്‍ ബര്‍ത്തിന്റെ നികുതി 4000 രൂപയില്‍ നിന്ന് 3000 രൂപയുമായി കുറച്ചു.

അന്യസംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ഭാഗമായി വല്ലപ്പോഴും കേരളത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്നു പരമാവധി ഏഴു ദിവസത്തേക്കുള്ള ത്രൈമാസ നികുതിയുടെ പത്തിന് ഒരുഭാഗം ഈടാക്കുന്നതിനും ഏഴു ദിവസത്തിനുള്ളില്‍ കൂടുതല്‍ ഓടുന്ന വാഹനങ്ങളില്‍ നിന്ന് ഒരു മാസത്തെ നികുതി ഈടാക്കുന്നതിനും നികുതി നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സ്ഥിരമായി കേരളത്തില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ നിന്ന് ത്രൈമാസ നികുതി ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകള്‍ ടൂറിസത്തിന്റെ ഭാഗമായി വല്ലപ്പോഴും കേരളത്തില്‍ പ്രവേശിക്കുന്ന രീതിയുണ്ടെന്നും അദേഹം വ്യക്തമാക്കി.