ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി മലബാര്‍ ഗ്രൂപ്പ്; വയനാട്ടിലേക്ക് മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് എം.പി. അഹമ്മദ്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി മലബാര്‍ ഗ്രൂപ്പ്. വയനാട്ടിലേക്ക് മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് ചെയര്‍മാന്‍ എം.പി. അഹമ്മദ് അറിയിച്ചു. ഭക്ഷണം, മരുന്ന്, വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാനുള്ള സഹായം എന്നിവ അടിയന്തരമായി ലഭ്യമാക്കും.

ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ മനുഷ്യസ്‌നേഹികളായ എല്ലാവരും മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പുത്തുമല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങള്‍ക്ക് മലബാര്‍ ഗ്രൂപ് വീട് വെച്ചുനല്‍കിയിരുന്നു.

അതേസമയം ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വയനാടിന് അഞ്ച് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായാണ് തമിഴ്‌നാട് സര്‍ക്കാര്‍ സഹായം നല്‍കുക. കൂടാതെ, ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും അഗ്‌നിരക്ഷാ സേന ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.