മലപ്പുറത്ത് എംപോക്സ്‌? രോഗലക്ഷണം സംശയിക്കുന്ന എടവണ്ണ സ്വദേശി നിരീക്ഷണത്തിൽ

മലപ്പുറത്ത് യുവാവിന് എംപോക്സ്‌ ലക്ഷണം. ഒരാഴ്ച മുൻപ് ദുബൈയിൽ നിന്ന് എത്തിയ മുപ്പത്തിയെട്ടുകാരനാണ് രോഗലക്ഷണം സംശയിക്കുന്നത്. എടവണ്ണ സ്വദേശിയായ യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. രോഗസ്ഥിരീകരണത്തിന് സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്.

പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയിൽ പെട്ടതാണ് അധികൃതരിൽ എംപോക്സ്‌ സംശയം ഉണ്ടാക്കിയത്. ഈ മാസം ആദ്യം ഡല്‍ഹിയിലാണ് രാജ്യത്തെ ആദ്യ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന യുവാവിലായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കുരങ്ങ് വസൂരി എന്നറിയപ്പെടുന്ന എംപോസ്ക്. മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ ഇഗ്ലണ്ട് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്‌സ് വൈറസ് കുടുംബത്തില്‍പെട്ട ഓര്‍ത്തോ പോക്‌സ് വൈറസാണ് എംപോക്‌സ് രോഗത്തിന് കാരണക്കാര്‍. മങ്കി പോക്‌സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമേറെയാണ്. എന്നാല്‍ രോഗ തീവ്രതയും മരണനിരക്കും വസൂരിയെ അപേക്ഷിച്ച് കുറവാണ്.