പൊതുമരാമത്ത് വകുപ്പ് റോഡ് വാടകക്ക് നൽകിയ സംഭവം, റിപ്പോർട്ട് തേടി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് തിരക്കേറിയ എം.ജി റോഡില്‍ സ്വകാര്യഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച തിരുവനന്തപുരം കോര്‍പറേഷന്‍ നടപടി വിവാദത്തില്‍ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി. . പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വാടകയ്ക്ക് നല്‍കിയത്.

ഈ കരാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബി.ജെപി. എം.ജി റോഡില്‍ ആയുര്‍വേദ കോളജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനാണ് കോര്‍പ്പറേഷന്‍ സഹായം ചെയ്തത്. പൊതുമരാമത്ത് റോഡിന്റെ പ്രതിമാസം 5000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിട്ടുള്ളത്.

മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോര്‍പ്പറേഷന്‍ സെക്രട്ടറിയും നൂറു രൂപയുടെ പത്രത്തില്‍ കരാറുണ്ടാക്കി ഒപ്പുംവച്ചു. നേരത്തെ പൊതുജനങ്ങളില്‍ നിന്ന് പത്തുരൂപ ഈടാക്കി പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരുന്ന ഇടമാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്.

Read more

റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാര്‍ക്കിങ്ങിന് അനുവദിക്കാന്‍ സര്‍ക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് ഈ നടപടി. അതേസമയം, മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഹോട്ടലുടമ അനുവദിക്കാതിരിക്കുന്നത് കരാര്‍ ലംഘനമാണെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.