IPL 2025: ഹണിമൂണ്‍ വേണ്ട, ഐപിഎല്‍ കളിച്ചാല്‍ മതി, ശേഷം ഈ താരത്തിന് സംഭവിച്ചത്, ഞെട്ടിച്ചെന്ന് ആരാധകര്‍

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടിയാണ് ഇത്തവണയും ലഭിച്ചത്. ടീം ലൈനപ്പ് ചെറുതായി മാറ്റി പുതിയ കളിക്കാരെ ഉള്‍പ്പെടുത്തിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ വിജയലക്ഷ്യം പൂര്‍ത്തിയാക്കാനാകാതെ ടീം ഒന്നടങ്കം താഴെ വീഴുന്ന കാഴ്ചയാണ് കാണാനായത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 120 റണ്‍സിനാണ് എസ്ആര്‍എച്ച് ടീം ഓള്‍ഔട്ടായത്. ഹൈദരാബാദിനായി ശ്രീലങ്കന്‍ താരം കാമിന്ദു മെന്‍ഡിസിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും മോശമില്ലാത്ത പ്രകടനം നടത്തിയ താരം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇരുകൈകള്‍കൊണ്ടും ബോള്‍ ഏറിയാമെന്നതാണ് അന്താരാഷ്ട്ര തലത്തില്‍ കാമിന്ദു മെന്‍ഡിസിനെ ശ്രദ്ധേയനാക്കിയത്. ഇന്നലത്തെ മത്സരത്തില്‍ ബോളിങ്ങില്‍ ഒരു ഓവര്‍ മാത്രം ഏറിഞ്ഞ് ഒരു വിക്കറ്റ് വീഴ്ത്തിയ താരം ബാറ്റിങ്ങില്‍ അഞ്ചാമനായി ഇറങ്ങി 27 റണ്‍സ് ടീംടോട്ടലിലേക്ക് സംഭാവന നല്‍കുകയും ചെയ്തു.

75 ലക്ഷം രൂപയ്ക്കായിരുന്നു ഹൈദരാബാദ് കാമിന്ദുവിനെ ടീമിലെടുത്തത്. ഐപിഎലിന് തൊട്ടുമുന്‍പായിരുന്നു താരത്തിന്റെ വിവാഹം,. ദീര്‍ഘനാളായുളള പെണ്‍സുഹൃത്ത് നിഷനിയാണ് ജീവിതസഖി. വിവാഹം കഴിഞ്ഞ് ഹണിമൂണിന് പോലും നില്‍ക്കാതെയാണ് ഐപിഎല്ലിനായി കാമിന്ദു മെന്‍ഡിസ് തിരിച്ചത്. ഇതേകുറിച്ച് കാമിന്ദുവിന്റെ സുഹൃത്താണ് വെളിപ്പെടുത്തിയത്. വിവാഹശേഷം ശ്രീലങ്കയില്‍ തന്നെ കുറച്ച് ദിവസം ചെലവഴിച്ച ഇരുവരും വിദേശത്ത് ഹണിമൂണിനായി പോയിരുന്നില്ലെന്നാണ് സുഹൃത്ത് പറഞ്ഞത്.