"അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങേണ്ട; പ്രവാചകനെ മാത്രം ഭയപ്പെട്ടാല്‍ മതി"; മുജാഹിദ് സമ്മേളനത്തിന് ആശംസയുമായി എ.എം ആരിഎഫ് എം.പി

അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങേണ്ടതില്ലെന്നും അല്ലാഹുവിനെയും റസൂലിനെയും മാത്രം നാം ഭയപ്പെട്ടാല്‍ മതിയെന്നുമുള്ള വിവാദ പരാമര്‍ശവുമായി ആലപ്പുഴയിലെ സിപിഎം എംപി എ.എം ആരിഫ്. മുജാഹിദ് സമ്മേളനനത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അദേഹം പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്‌

നമ്മുടെ മതം അല്ലാഹുവിന്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല. അല്ലാഹുവിനെയും റസൂലിനെയുമാണ് നാം ഭയപ്പെടേണ്ടത്. അതിലുപരി മറ്റാരെയും ഭയപ്പെടേണ്ടതില്ല. വ്യത്യസ്ഥ മതവിഭാഗങ്ങളും വിശ്വാസികളും അവിശ്വാസികളുമെല്ലാം ഒന്നിച്ച് ഇടകലര്‍ന്ന് താമസിക്കുന്ന ഈ സമൂഹത്തില്‍ മതേതരത്വമാണ് നമ്മു ടെ നാടിന്റെ അഭിമാനം. അതു സംരക്ഷിക്കുക എന്ന സന്ദേശമാണ് മുജാഹിദ് സമ്മേളനം മുന്നോട്ട് വെയ്ക്കുന്നതെന്നും ആരിഫ് എംപി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ 29 മുതല്‍ 23 ജനുവരി ഒന്നുവരെ കോഴിക്കോട്ടാണ് നടക്കുന്നത്. ഇതിന് ആശംസ അര്‍പ്പിച്ചുകൊണ്ടാണ് ആരിഫ് വീഡിയോ സന്ദേശം ഇറക്കിയിരിക്കുന്നത്.

അതേസമയം, സ്വപ്നനഗരിയിലും കടപ്പുറത്തുമായി നടക്കുന്ന ചതുര്‍ദിന സമ്മേളത്തിന്റ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് മുജാഹിദ് പ്രസ്ഥാനത്തിലെ എല്ലാ ഘടകങ്ങളും ചേര്‍ന്ന് സമ്മേളനം സംഘടിപ്പിക്കുന്നത് മതംകൊണ്ട് മനുഷ്യരെ ഭയപ്പെടുത്തുന്ന, മതം കൊണ്ട് മനുഷ്യരെ ഭിന്നിപ്പിക്കുന്ന, മതം കൊണ്ട് മനുഷ്യരെ ചൂഷണം ചെയ്യുന്ന, മതത്തിന്റെ പേരില്‍ നരബലിയും അക്രമവും വ്യാപിക്കുന്ന സാഹചര്യത്തില്‍ മതം മനുഷ്യന് നിര്‍ഭയത്വം നല്‍കുന്നു എന്നു ആവര്‍ത്തിച്ചു പറയാന്‍ ശ്രമിക്കുകയാണ് മുജാഹിദ് പ്രസ്ഥാനമെന്നും ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകള്‍ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാന്‍ കഴിയുക എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് സമ്മേളന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അബ്ദുല്ലകോയ മദനി പറഞ്ഞു.

വര്‍ഗീയതയും തീവ്രവാദവും സമൂഹം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയും പരസ്പര വിശ്വാസം തകര്‍ക്കുകയും ചെയ്യും. ഈ അപകടത്തെക്കുറിച്ച് സമൂഹത്തെ ഉണര്‍ത്തുക യെന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്. കോഴിക്കോട് സ്വപ്നനഗരിയില്‍ പ്രത്യേകം സജ്ജമാക്കുന്ന പന്തലില്‍ വച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്വപ്ന നഗരിയിലെ ട്രേഡ് സെന്റര്‍ രണ്ടാം വേദിയായിരിക്കും. നാലു വേദികളിലാണ് സെമിനാറുകളും ചര്‍ച്ചകളും നടക്കുക. ജനുവരി ഒന്നിന് ഞായറാഴ്ച നാലുമണിക്ക് കോഴിക്കോട് കടപ്പുറത്താണ് സമാപന സമ്മേളനം നടക്കുക.ലോകപ്രശസ്ത പണ്ഡിതരും നേതാക്കളും ചതുര്‍ദിന സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ചരിത്രപണ്ഡിതര്‍, നിയമജ്ഞര്‍, വിവിധ മതമേലധ്യക്ഷന്മാര്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍
വിവിധ സെഷനുകളില്‍ പങ്കെടുക്കും.അന്ധവിശ്വാസങ്ങള്‍, ലഹരി, തീവ്രവാദം, ഫാഷിസം, മതനിരാസം, ലിബറലിസം തുടങ്ങിയ യുവതലമുറയെ ലക്ഷ്യംവച്ച് നീങ്ങുന്ന തിന്മകള്‍ക്കെതിരെ സമ്മേളനത്തില്‍ ചര്‍ച്ച നടക്കും.

രാജ്യത്തെ ഏറ്റവും ശക്തമായ മതന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലിം സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.സമ്മേളനത്തിന്റ ഭാഗമായി ഏറ്റവും വലിയ വനിതാ സമ്മേളനവും ഒരുക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.