പാലക്കാട്ടെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കീഴടങ്ങി. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കൊലപാതകത്തിന് പിന്നാലെ മിഥുന് ഒഴിവില്‍ പോയിരുന്നു. ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം ഏഴായി.
കേസില്‍ നേരത്തെ മിഥുന്റെ സഹോദരന് ഉള്‍പ്പടെ ആറ് പേര് നേരത്തെ കീഴടങ്ങിയിരുന്നു. ബന്ധുക്കളും, അയല്‍വാസികളുമായ കൃഷ്ണദാസ്, ജയേഷ്, സന്തോഷ്, മണികണ്ഠന്, രമേശ്, നിഥിന് എന്നിവരാണ് മറ്റ് പ്രതികള്‍.
മാര്‍ച്ച് രണ്ടിനായാണ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അരുണ്‍ കുമാറിന് കുത്തേറ്റത്. സി.പിഎം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അരുണിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കമ്പികൊണ്ട് നെഞ്ചില്‍ കുത്തുകയും, സോഡാ ബോട്ടില്‍ വച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 11നാണ് അരുണ്‍ മരിച്ചത്.
മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് മരണകാരണം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഹൃദയത്തില്‍ ആഴത്തില്‍ കുത്തേറ്റിരുന്നു.
Read more
സംഭവത്തിന് പിന്നാലെ സി.പി.എമ്മിനെതിരെ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആണെന്ന് ആരോപിച്ച് ആലത്തൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഗൂഡാലോചന നടന്നിട്ടില്ലെന്നും, പെട്ടെന്നുള്ള പ്രകോപനമാണ് കാരണമെന്നുമാണ് പൊലീസ് പറഞ്ഞത്.