എന്റെ ഷര്‍ട്ടും കൈത്തറിയാണ്, വ്യവസായമന്ത്രി പറയണമെന്ന് പറഞ്ഞു; സഭയില്‍ ചിരി പടര്‍ത്തി ധനമന്ത്രിയുടെ വാക്കുകള്‍

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂറും 15 മിനുറ്റും നീണ്ടു നിന്നതായിരുന്നു. കേരള നിയമസഭയിലെ ആദ്യത്തെ കടലാസ് രഹിത ബജറ്റായിരുന്നു ഇത്തവണത്തേത്.

ബജറ്റ് പ്രസംഗത്തില്‍ കൈത്തറി മേഖലയിലെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനിടയില്‍ ധനമന്ത്രി നടത്തിയ പരാമര്‍ശം സഭയില്‍ ചിരി പടര്‍ത്തി. കൈത്തറി നല്ല വസ്ത്രം തന്നെയാണ്. ഞാനിട്ടിരിക്കുന്നതും കൈത്തറി വകുപ്പിലെ ഹാന്‍ടെക്‌സിന്റേതാണ്. ഒരു പ്രചാരണത്തിന് വേണ്ടി വ്യവസായ മന്ത്രി പറയണമെന്ന് പറഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഈ പരാമര്‍ശത്തെ തുടര്‍ന്ന് സഭയില്‍ തൊട്ടടുത്തിരുന്ന വ്യവസായ മന്ത്രിയടക്കം എല്ലാവരും കൂട്ടച്ചിരിയായിരുന്നു. കമാന്‍ഡോ ഷര്‍ട്ടാണതെന്ന് ചിരിക്കുന്നതിന് ഇടയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

Read more

കൈത്തറിക്ക് 40.56 കോടി രൂപയും യന്ത്രത്തറി മേഖലക്ക് 16.17 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഖാദി സില്‍ക്ക് നെയ്ത്ത് മേഖലയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തും. അതിനായി പദ്ധതി കൊണ്ടുവരും. ഖാദിയുടെ സമഗ്രവികസനത്തിന് 16.10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.