പുരാവസ്തു തട്ടിപ്പുകാരന് മോൻസൺ മാവുങ്കലിന്റെ കേസിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ഹൈബി ഈഡൻ എംപി. പ്രവാസി മലയാളി ഫെഡറേഷൻ ക്ഷണിച്ചത് അനുസരിച്ചാണ് മോൻസന്റെ വീട് സന്ദർശിച്ചത്. വീട്ടില്‍ മ്യൂസിയമുണ്ടെന്നും സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അന്നാണ് ആദ്യമായും അവസാനമായും മോൻസനെ കണ്ടതെന്നും താൻ മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാർ വ്യക്തമാക്കണമെന്നും ഹൈബി ഈഡന് പറഞ്ഞു.
മോന്‍സന്റെ തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം. ഒരു ഫോണ്‍ കോള്‍ പോലും മോന്‍സണുമായി താന്‍ നടത്തിയിട്ടില്ല. കേസിൽ തന്റെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെയും പരാതിക്കാര്‍ക്കെതിരെയും മാനനഷ്ടക്കേസ് നൽകും. തന്നെക്കുറിച്ചു പരാതിക്കാർ അവ്യക്തമായ കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. തട്ടിപ്പിന് ഇരയായവരോട് സഹതാപമുണ്ടെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. സാമ്പത്തിക ക്രമക്കേടില്‍ പൊതുരംഗത്തുള്ളവരെ വലിച്ചിഴയ്ക്കുമ്പോള്‍ സത്യാവസ്ഥയുണ്ടോ എന്ന് അന്വേഷിക്കാന്‍ തയ്യാറാകണമെന്നും ഹൈബി ഈഡന് പറഞ്ഞു.
Read more
കേസ് അട്ടിമറിക്കാൻ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർ കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഹൈബി ഈഡൻ കൊച്ചിയിൽ പറഞ്ഞു