ഫണ്ട് ലഭിച്ചിട്ടും റോഡ് നിര്‍മ്മാണത്തിന് തടസമായത് റിസോര്‍ട്ടിന്റെ മതില്‍; ജെസിബി ഉപയോഗിച്ച് മതിലുപൊളിച്ച് എച്ച് സലാം എംഎല്‍എ

അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം ജെസിബി ഉപയോഗിച്ച് അനധികൃതമായി മതില്‍പൊളിച്ചെന്ന് സ്വാകാര്യ റിസോര്‍ട്ട് ഉടമയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് എച്ച് സലാം എംഎല്‍എയ്‌ക്കെതിരെ റിസോര്‍ട്ട് ഉടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പള്ളാത്തുരുത്തിയിലെ മുത്തൂറ്റ് റിസോര്‍ട്ടിന്റെ മതിലാണ് എംഎല്‍എ പൊളിച്ചത്.

എന്നാല്‍ പൊതുവഴിക്ക് വീതി കൂട്ടാനാണ് മതില്‍ പൊളിച്ചതെന്നാണ് എംഎല്‍എയുടെ വാദം. പൊതുവഴിക്ക് വീതി കൂട്ടാന്‍ മതില് പൊളിക്കാന്‍ മുത്തൂറ്റ് റിസോര്‍ട്ട് ഉടമയ്ക്ക് നേരത്തെ നോട്ടിസ് നല്‍കിയിരുന്നതായി എംഎല്‍എ പറയുന്നു. രണ്ടാഴ്ചയായിട്ടും മതില് പൊളിക്കാത്തതിനെ തുടര്‍ന്നാണ് എംഎല്‍എ നേരിട്ടെത്തി മതില്‍ പൊളിച്ചത്.

Read more

മതില്‍ പൊളിച്ചുമാറ്റാതിരുന്നതിനാല്‍ റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് എച്ച് സലാമിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മതില്‍ പൊളിച്ച് മാറ്റിയതെന്നാണ് വിവരം. അതേസമയം എംഎല്‍എ മതില്‍ പൊളിച്ചത് നിയമവിരുദ്ധമായാണെന്ന് ഉടമ പറഞ്ഞു.