സമരാഗ്നി സമാപന സമ്മേളന വേദിയിൽ ദേശീയ ഗാനം തെറ്റിച്ചുപാടിയ ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി. മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയഗാനം തെറ്റിച്ചു പാടിയ പാലോട് രവിക്കും കോൺഗ്രസിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും ശക്തമാണ്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭ യാത്രയുടെ സമാപന സമ്മേളനത്തിലാണ് ഇന്നലെ ഡിസിസി അധ്യക്ഷൻ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയത്. സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ച ശേഷം പാലോട് രവി മൈക്ക് മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയഗാനം പാടാൻ ആരംഭിക്കുകയുമായിരുന്നു.
‘ജനഗണ മംഗള ദായക ജയഹേ’ എന്നാണ് പാടി തുടങ്ങിയത്. അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി സിദ്ദിഖ് എംഎൽഎ ഉടൻ തന്നെ പാലോട് രവിയുടെ കയ്യിൽ കയറി പിടിച്ച് ‘പാടല്ലേ’ എന്ന് പറയുന്നതും സിഡി ഇടാമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയഗാനം തിരുത്തിപാടുന്നതും വീഡിയോയിലുണ്ട്.
Read more
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, കെ സുധാകരൻ, വിഡി സതീശൻ എന്നിവരും സന്നിഹിതരായിരുന്നു.