ഒരിക്കലും ഒറ്റക്കണ്ണനാവില്ല: സ്വന്തം യൂട്യൂബ് ചാനൽ പ്രഖ്യാപിച്ച് ചെറിയാൻ ഫിലിപ്പ്

ഇടത് മുന്നണിയുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ സ്വന്തം യൂട്യൂബ് ചാനൽ പ്രഖ്യാപിച്ച് ചെറിയാൻ ഫിലിപ്പ്. നേരത്തെ ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ചിരുന്ന പരിപാടിയുടെ അതേ പേരിലാണ് യൂട്യൂബ് ചാനലും. രാജ്യസഭാ സീറ്റ് നിഷേധിച്ചതുമുതൽ ചെറിയാൻ ഫിലിപ്പ് ഇടതുമുന്നണിയുമായി ശീതസമരത്തിലാണ്. ഖാദി ബോർഡ് വൈസ് ചെയർമാനായുള്ള ചെറിയാൻ ഫിലിപ്പിന്റെ നിയമനവും എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരുന്നു.

ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രമായിരിക്കും എന്നും ചെറിയാൻ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.

കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര എന്നും ചെറിയാൻ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read more

നെതർലാണ്ട്സ് മാതൃകയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവിടെപ്പോയി പഠിച്ചശേഷമുള്ള തുടർനടപടി ആർക്കുമറിയില്ല എന്ന് സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമർശിച്ച്‌ ചെറിയാൻ ഫിലിപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേസമയം എൽഡിഎഫ് നന്നായി സഹകരിപ്പിച്ച ചെറിയാന്റെ ഇപ്പോഴത്തെ നിലപാടിന്റെ കാരണമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചത്.