പത്തനംതിട്ടയിൽ സിപിഐഎമ്മിന് പുതിയ നേതൃത്വം. ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി പാനലിൽ ആറ് പേരെ പുതുതായി ഉൾപ്പെടുത്തി. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം, ഇരവിപേരൂർ ഏരിയ സെക്രട്ടറി ടി കെ സുരേഷ്കുമാർ എന്നിവർ പാനലിൽ ഇടംനേടി. പി കെ എസ് ജില്ലാ സെക്രട്ടറി സി എം രാജേഷ്, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി വി സ്റ്റാൻലിൻ, തിരുവല്ലാ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി, മലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്ര മോഹൻ എന്നിവരും പാനലിലുണ്ട്.
25 വർഷം കേരള നിയമസഭാ എംഎൽഎ ആയിരുന്ന രാജു എബ്രഹാം നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ്. അതേസമയം കെപി ഉദയഭാനുവിന് പുറമെ അഡ്വ പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെ സി രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശ്രീധരൻ, നിർമലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.