ഇടുക്കി ജില്ലയില്‍ രഹസ്യമായി വനവിസ്തൃതി വര്‍ധിപ്പിച്ചതില്‍ വെട്ടിലായി സര്‍ക്കാരും ജനങ്ങളും. ജനവാസ മേഖലയോടു ചേര്‍ന്നകിട്ടുന്ന വനഭൂമികള്‍ അടക്കമാണ് പുതിയ റിസര്‍വ് വനങ്ങളാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് പ്രകടന പത്രികയ്ക്ക് വിരുദ്ധമായാണ് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഈ നീക്കം.
കഴിഞ്ഞ ദിവസം നിയമസഭയില്‍ വനവിസ്തൃതി വര്‍ധിപ്പിച്ചതിന്റെ കണക്ക് വ്യക്തമാക്കി വനംമന്ത്രി രംഗത്തെത്തിയതോടെ രഹസ്യനീക്കം പരസ്യമായത്. നിയമസഭയില്‍ എംഎം മണി എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ജില്ലയില്‍ നാല് പുതിയ റിസര്‍വ് വനങ്ങള്‍ പ്രഖ്യാപിച്ചതായി മന്ത്രി ശശീന്ദ്രന്‍ അറിയിച്ചത്.
പമ്പയില്‍ നിന്നു ശബരിമല സന്നിധാനത്തേക്കു നിര്‍മിക്കുന്ന 2.9 കിലോമീറ്റര്‍ നീളമുള്ള റോപ്വേക്ക് വേണ്ടി വനം വകുപ്പ് വിട്ടുനല്‍കുന്ന ഭൂമിക്കു പകരമായി ചിന്നക്കനാലില്‍ 4.53 ഹെക്ടര്‍ റവന്യു ഭൂമി ഏറ്റെടുക്കാനാണ് ശ്രമ നടക്കുന്നുണ്ട്. ഇതിനെതിരെ കര്‍ഷക സംഘടനകള്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്.
1961ലെ കേരള വനനിയമം സെക്ഷന്‍ 4 പ്രകാരമാണ് പുതിയ റിസര്‍വ് വനങ്ങള്‍ നിലവില്‍ വന്നത്. ചിന്നക്കനാല്‍ പഞ്ചായത്തില്‍ 364.89 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമാക്കി. ചിന്നക്കനാല്‍ പഞ്ചായത്തില്‍ തന്നെ ആനയിറങ്കല്‍ റിസര്‍വ് വനത്തിനായി 1.5 ഹെക്ടര്‍ ഭൂമി റവന്യു വകുപ്പില്‍ നിന്ന് ഏറ്റെടുത്തു.
വെള്ളത്തൂവല്‍ പഞ്ചായത്തില്‍ 87.37 ഹെക്ടര്‍ ഭൂമിയാണ് ചെങ്കുളം റിസര്‍വ് എന്ന പേരില്‍ സംരക്ഷിത വനമായി പ്രഖ്യാപിച്ചത്. കുമളി പഞ്ചായത്തില്‍ കുമളി റേഞ്ച് ഓഫിസ് കോമ്പൗണ്ട് റിസര്‍വ് എന്ന പേരില്‍ 2.6798 ഹെക്ടര്‍ ഭൂമിയാണ് റിസര്‍വായി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ്സ് ജില്ലയില്‍ എത്തുന്നതിന് ഏതാനും ദിവസം മുന്‍പ് ചിന്നക്കനാല്‍ റിസര്‍വ് വനത്തിന്റെ വിജ്ഞാപനം മരവിപ്പിച്ചതായി വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മന്ത്രി നല്‍കിയ മറുപടിയിലൂടെ മരവിപ്പിക്കല്‍ പ്രചാരണം തട്ടിപ്പെന്ന് തെളിഞ്ഞെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.
ദേശീയപാത 85ന്റെ നിര്‍മാണത്തിനായി വനംവകുപ്പ് വിട്ടുനല്‍കിയ ഭൂമിക്കു പകരമായി റവന്യു വകുപ്പ് നല്‍കിയ ഭൂമിയാണിത്. ഈ ഭൂമി ജനവാസ മേഖലയോടു ചേര്‍ന്നാണെന്നു നാട്ടുകാര്‍ പറയുന്നു. ഈ രണ്ട് റിസര്‍വ് വനങ്ങള്‍ കൂടാതെ റവന്യു വകുപ്പ് അറിയാതെ ചിന്നക്കനാലില്‍ മറ്റൊരു റിസര്‍വ് വനത്തിനു വേണ്ടിയും വനംവകുപ്പ് നീക്കമാരംഭിച്ചതായാണ് വിവരം.
Read more
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദേശ ഫണ്ട് സ്വീകരിച്ച് ജില്ലയിലെ 25,000 ഏക്കര്‍ കൃഷിഭൂമി വനഭൂമിയാക്കുന്നതിന് നീക്കം നടത്തുന്നു എന്ന് സിപിഎം വ്യാപക പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ അവരുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ തന്നെ വനവല്‍ക്കരണം യാഥാര്‍ഥ്യമാക്കിയതോടെ വെട്ടിലായത് പാര്‍ട്ടിയും ഭരണമുന്നണിയുമാണ്. വനംവകുപ്പിന്റെ നീക്കം ഇടുക്കിയോടും കര്‍ഷകരോടുമുള്ള വെല്ലുവിളിയാണെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു. ഇതിനെതിരെ ഒത്തൊരുമിച്ച് പോരാടുമെന്നും അവര്‍ വ്യക്തമാക്കി.