ബിജെപിയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ കൈകാര്യം ചെയ്യും; മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി കെ സുരേന്ദ്രന്‍

മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണി ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയാല്‍ ഓഫീസിലെത്തി ചോദിക്കുമെന്നാണ് കെ സുരേന്ദ്രന്റെ ഭീഷണി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നിങ്ങളെ കാണുന്നത് കേരള സമൂഹത്തിന് അലര്‍ജിയാണെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.

മാധ്യമങ്ങള്‍ മനഃപൂര്‍വം ബിജെപിയ്‌ക്കെതിരെ വാര്‍ത്ത നല്‍കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രത്താളുകളിലും അടിച്ചുവിടുകയാണോ. എത്തിക്‌സിന്റെ ഒരു അംശം പോലുമില്ല. നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസില്‍ വന്ന് ചോദിക്കുമെന്ന് തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രന്‍ പറയുന്നു. അതേസമയം ശോഭാസുരേന്ദ്രനെതിരെയും എന്‍ ശിവരാജനെതിരെയും വിമര്‍ശനം ഉന്നയിച്ച് ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. ബിജെപി സംസ്ഥാന നേതൃത്വമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി കൃഷ്ണകുമാര്‍ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശോഭാ സുരേന്ദ്രനും കൗണ്‍സിലര്‍ സ്മിതേഷും സ്ഥാനാര്‍ത്ഥിക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭയില്‍ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ ശ്രമം നടന്നു. അതേസമയം വോട്ട് മറിക്കുന്നതില്‍ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പുറത്തുനിന്ന് എത്തിയവര്‍ തങ്ങളുടെ വാര്‍ഡില്‍ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തുവെന്നും കണ്ണാടി പഞ്ചായത്തില്‍ വോട്ട് മറിക്കാന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു പഞ്ചായത്ത് ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ ജാഗ്രത പാലിക്കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പരസ്യപ്രസ്താവനയുടെ പേരില്‍ എന്‍ ശിവരാജന് എതിരെയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാലക്കാട് സി കൃഷ്ണകുമാര്‍ ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണ്. ഉപതെരഞ്ഞെടുപ്പില്‍ സമാഹരിക്കാവുന്ന പരമാവധി വോട്ടുകള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.