പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരായിരുന്നവരുടെ വീടുകളില്‍ എന്‍ഐഎ റെയിഡ്. മലപ്പുറം ജില്ലയില്‍ നാലിടങ്ങളിലും ഈരാറ്റുപേട്ടയിലുമാണ് എന്‍ഐഎ പരിശോധന നടത്തുന്നത്.
വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. മലപ്പുറത്തും ഈരാറ്റുപേട്ടയിലെയുമായി പത്തോളം ഇടങ്ങളില്‍ ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
രാജ്യവ്യാപകമായി പല സംസ്ഥാനങ്ങളിലും റെയ്ഡ് നടക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ പരിശോധനയും. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് പരിശോധന.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഭീകര പ്രവര്‍ത്തനത്തിനായെത്തിയ കള്ളപ്പണം വെളുപ്പിക്കുന്നതിനായി റിസോര്‍ട്ടുകളില്‍ നിക്ഷേപിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് നേരത്തെ കണ്ടുകെട്ടിയിരുന്നു. കേരളത്തില്‍ സ്വന്തമായും ബിനാമി പേരുകളിലും പോപ്പുലര്‍ ഫ്രണ്ട് റിസോര്‍ട്ട് വ്യവസായം നടത്തുന്നുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. മൂന്നാര്‍, വാഗമണ്‍, വയനാട്, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നിക്ഷേപം ഇറക്കിയിട്ടുണ്ടെന്നാണ് ഇഡി അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ നടപടിയുടെ ഭാഗമാണ് ഇടുക്കി മാങ്കുളത്ത് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ കെ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള റിമസാര്‍ട്ട് കണ്ടുകെട്ടിയിരിക്കുന്നത്.
മൂന്നാര്‍ വില്ല വിസ്ത എന്ന റിസോര്‍ട്ടിലെ നാല് വില്ലകളും 6.75 ഏക്കര്‍ ഭൂമിയുമാണ് കണ്ടുകെട്ടിയത്. ആകെ 2.53 കോടിയുടെ വസ്തുവാണിതെന്ന് ഇഡി അധികൃതര്‍ പറഞ്ഞു. വില്ലകള്‍ ഇഡി അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ് വില്ലകള്‍ പ്രവര്‍ത്തിച്ചതെന്ന് ഇഡി വ്യക്തമാക്കി. വില്‍പ്പന നടത്താത്ത നാല്ല് വില്ലകളും 6.75 ഏക്കര്‍ ഭൂമിയും അടങ്ങുന്നതാണ് ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൊജക്ട്. പോപ്പുലര്‍ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇവിടെ റെയ്ഡ് നടത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിക്കെതിരേ എന്‍.ഐ.എ.യും നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. ഗ്രീന്‍വാലി അക്കാദമി തീവ്രവാദപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്നായിരുന്നു എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനായി നടപടികള്‍ ആരംഭിച്ചത്.
കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പിഎഫ്ഐയുടെ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരിയിലേതെന്ന് എന്‍ഐഎ വ്യക്തമാക്കി.
Read more
മഞ്ചേരിയിലെ 24 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണ് ഗ്രീന്‍ വാലി അക്കാദമി. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് കൊച്ചി യൂണിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തില്‍ കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചത്.