സംസ്ഥാനത്ത് നിന്ന് നിപ ആശങ്കകള്‍ ഒഴിയുന്നു; മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സംസ്ഥാനത്ത് നിന്ന് നിപ ആശങ്കകള്‍ ഒഴിയുന്നു. നിപ രോഗ ലക്ഷണങ്ങളുണ്ടായിരുന്ന 16 പേരുടെ സ്രവ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവായതായി അരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ഇതുവരെ ആകെ 104 പരിശോധന ഫലങ്ങളാണ് നെഗറ്റീവായത്. ഇതോടെ മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

സമ്പര്‍ക്കപ്പട്ടികയിലുള്ള 94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കും. മലപ്പുറം ജില്ലയില്‍ അഞ്ച് വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയിരുന്ന സ്ഥലത്തെ സ്‌കൂളുകള്‍ നാളെ തുറക്കും.

തിരുവാലി പഞ്ചായത്തിലെ നാലു വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാര്‍ഡിലും ആണ് കണ്ടൈന്‍മെന്റ് സോണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. 24 കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.