ഒപ്പമുണ്ട് പാർട്ടി; പിപി ദിവ്യക്കെതിരെ ഉടൻ നടപടിയില്ല, നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്ന് സിപിഎം സെക്രട്ടേറിയറ്റ്

പിപി ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടിയെടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്ന മുറയ്ക്ക് മാത്രം തുടർനടപടി മതിയെന്ന് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കണ്ണൂർ എഡിഎമ്മിന്റെ മരണം സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം​​ ​ഗൗരവമായി ചർച്ച ചെയ്തതുമില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.

നിയമപരമായി തന്നെ കാര്യങ്ങൾ മുന്നോട്ട് പോകട്ടെ എന്നാണ് വിഷയത്തിൽ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. ഇപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയിട്ടുണ്ട്. അതൊരു നടപടിയാണ്. ബാക്കിയുള്ള കാര്യങ്ങൾ നിയമപരമായി അതിന്റെ വഴിക്ക് നടക്കട്ടെയെന്നാണ് സിപിഎം നിലപാട്.

ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. അക്കാര്യം കൂടി അറിഞ്ഞ ശേഷം, കോടതിയെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് എങ്ങനെയാണോ നടപടി വേണ്ടത് അങ്ങനെ മതിയെന്നും അതിനപ്പുറത്തേക്ക് ഒരു തീരുമാനമോ തിരക്കിട്ട നടപടിയോ വേണ്ടെന്നാണ് സിപിഎം നിലപാട്.