മഹാകുംഭമേളക്കിടെ മരിച്ചവരുടെ കൈവശമില്ലെന്ന് കേന്ദ്രം. കുംഭമേളയുടെ തിക്കിലും തിരക്കിലും മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചു. ഇത് ഒരു സംസ്ഥാന വിഷയമാണെന്നും ഇത്തരം ഡാറ്റകളൊന്നും കേന്ദ്രീകൃതമായി സൂക്ഷിക്കുന്നില്ലെന്നും നിത്യാനന്ദ റായ് കൂട്ടിച്ചേർത്തു.
പ്രയാഗ്‌രാജിൽ അടുത്തിടെ സമാപിച്ച മഹാകുംഭമേളയിൽ മരിച്ചവരുടെ കണക്കുകൾ സൂക്ഷിച്ചിട്ടില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരുകൾക്ക് അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുണ്ടെന്നും മതപരമായ സഭകൾ സംഘടിപ്പിക്കൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കൽ, സഭയ്ക്കിടെ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങൾ തുടങ്ങിയവ പൊതു ക്രമസമാധാനവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും നിത്യാനന്ദ റായ് പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം പൊതുക്രമസമാധാനവും പൊലീസും സംസ്ഥാന വിഷയങ്ങളാണെന്നും നിത്യാനന്ദ റായ് പറഞ്ഞു. ഒരു സംസ്ഥാനത്ത് സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഭക്തരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതും ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുന്നത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരും. അതുകൊണ്ട് തന്നെ അത്തരം ഡാറ്റയൊന്നും കേന്ദ്രീകൃതമായി സൂക്ഷിക്കുകയില്ലെന്നും കേന്ദ്രമന്ത്രി ലോക്സഭയിൽ പറഞ്ഞു.