നേഴ്സിംഗ് സൂപ്രണ്ട് അനിതക്ക് കോഴിക്കോട് തന്നെ നിയമനം നൽകും; ഉത്തരവ് ഉടൻ

കടുത്ത പ്രധിഷേധങ്ങൾക്കൊടുവിൽ അനിതക്ക് നീതി. മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ സ്ഥലം മാറ്റിയ നേഴ്സിംഗ് സൂപ്രണ്ട് പിബി അനിതക്ക് കോഴിക്കോട്ട് തന്നെ നിയമനം നൽകും. ഇതുസംബന്ധിച്ച് ഉടൻ തന്നെ ഉത്തരവിറക്കും. പീഡനത്തിന് ഇരയായ അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിലാണ് അനിതയെ സ്ഥലം മാറ്റിയത്.

ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് സ്ഥലം മാറ്റിയിരുന്നത്. ഇതിനെതിരേ അനിത ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽത്തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവു കിട്ടി. കോടതി ഉത്തരവുമായി എത്തിയിട്ടും അനിതയെ ജോലിയിൽ പ്രവേശിപ്പിരുന്നില്ല. സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉത്തരവില്ലാതെ ജോലിയിൽ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതോടെ അനിത മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചു. അനിതയ്ക്ക് പിന്തുണയുമായി ഐസിയു പീഡനക്കേസിലെ അതിജീവിതയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. മെഡിക്കൽ കോളേജിൽ നടത്തി വന്നിരുന്ന സമരം ആറാംദിവസത്തേക്ക് കടന്ന സാഹചര്യത്തിലാണ് സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത്. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പറഞ്ഞു.

2023 മാര്‍ച്ച് 18 നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ വെച്ച് എംഎം ശശീന്ദ്രനെന്ന അറ്റന്‍ഡറാണ് പീഡിപ്പിച്ചത്. ഇക്കാര്യം അതിജീവിത ബൈസ്റ്റാന്‍ഡറോടും, ഡ്യൂട്ടി നഴ്സിനോടും വെളിപ്പെടുത്തി. പിന്നീട് മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷം അറ്റന്‍ഡര്‍ക്കെതിരായ മൊഴി മാറ്റാന്‍ അഞ്ച് വനിതാ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റര്‍ പിബി അനിതയാണ് ഇക്കാര്യം സൂപ്രണ്ടിന് റിപ്പോര്‍ട്ട് ചെയ്തത്.

Read more

മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ അഞ്ചു പേരെ സസ്പെന്‍ഡ് ചെയ്തെങ്കിലും സസ്പെന്‍ഷന്‍ പിന്‍വലിച്ച മെഡിക്കല്‍ കോളേജ് അധിക‍തരുടെ നടപടി വന്‍ വിവാദമായിരുന്നു. വീണ്ടും സസ്പെന്‍ഷന്‍ പുനസ്ഥാപിച്ച അധികൃതര്‍ നടപടി പിന്നീട് സ്ഥലം മാറ്റലാക്കി മാറ്റി. ഇതിനിടയില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് എന്‍ജിഒ യൂണിയന്‍ നേതാവിനെതിരെ പിബി അനിത പരാതി നല്‍കിയിരുന്നു. തുടർന്ന് 2023 നവംബര്‍ 28നാണ് നേഴ്സിംഗ് സൂപ്രണ്ട് അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയത്.