ബിന്ദു അമ്മിണിക്ക് നേരെ അസഭ്യം; സ്വകാര്യ ബസ് ഡ്രൈവർക്ക് എതിരെ കേസെടുത്ത് പൊലീസ്

ആക്റ്റിവിസ്റ്റും നിയമ അധ്യാപികയുമായ ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. കോഴിക്കോട് കണ്ണൂർ സർവീസ് നടത്തുന്ന സെയ്ൻ ബസിലെ ഡ്രൈവർക്കെതിരെയാണ് കേസ്. രണ്ടു ദിവസം മുമ്പ് പൊയില്‍ക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞതായാണ് പരാതി. ഡ്രൈവറുടെ പേര് പരാതിയില്‍ ഇല്ല. എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി നടക്കാവ് പൊലീസ് അറിയിച്ചു. ഐപിസി 509 പ്രകാരം സ്ത്രീയെ വാക്കുകൊണ്ട് അധിക്ഷേപിച്ചതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്.

സംഭവത്തെ തുടർന്ന് ബിന്ദു അമ്മിണി ഫെയ്‌സ്ബുക്കിൽ കുറിച്ചത്: സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് ഉള്ള ആളാണ്‌ ഞാൻ. പക്ഷെ എന്ത് കാര്യം. ദളിത്‌ ആയാൽ മറ്റൊരു നീതി. ഒരേ ഉത്തരവിൽ ഒരാൾക്ക് സംരക്ഷണം നൽകുന്ന കേരള പോലീസ്. എനിക്ക് സംരക്ഷണം നൽകാത്തതിന് കാരണം എന്റെ ദളിത്‌ ഐഡന്റിറ്റി തന്നെ എന്ന്‌ ഞാൻ കരുതുന്നതിൽ തെറ്റുണ്ടോ.

കണ്ണൂർ കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌ ബുസുകാർ ഇതാദ്യമായി അല്ല എന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത്. ഞാൻ കയറിയത് കൊണ്ടു നിറയെ യാത്രക്കാർ ഉള്ള ബസ് trrip മുടക്കിയ അനുഭവം കോഴിക്കോട് നീന്നുംഉണ്ടായിട്ടുണ്ട്. എക്സാം ഡ്യൂട്ടിക്കും മറ്റും പോകാൻ നിൽക്കുന്ന പലദിവസങ്ങളിലും പോയിൽക്കാവ് സ്റ്റോപ്പിൽ നിന്നും എന്നെ കയറ്റാതെ ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ് പോയിട്ടുണ്ട്. ചില ബസുകൾ നിർത്താനായി സ്ലോ ചെയ്തു ഞാനാണെന്ന് മനസ്സിലാകുമ്പോൾ പെട്ടെന്നു മുന്നോട്ട് എടുത്തു പോയിട്ടുണ്ട്

ഇന്ന് രാത്രി ഏകദേശം എട്ടു മണിയോടെ പൊയിൽക്കാവ് സ്റ്റോപ്പിൽ നിന്നും Zain എന്നബസിൽ കയറി. ബസിന്റെ നമ്പർ KL46M3355 എന്നനുമ്പറിലുള്ള ബസിന്റെ ഡ്രൈവർ കയ്യിൽ രാഖി ഒക്കെ കെട്ടിയ ഒരാൾ ആയിരുന്നു. ഞാൻ കയറിയപ്പോൾ തന്നെ അയാൾ എന്നെ ശ്രദ്ധിച്ചിരുന്നു. വെങ്ങളം എത്തിയപ്പോൾ രണ്ടു യാത്രക്കാർ എന്റെ സീറ്റിന് സമീപം വന്നിരുന്നു. ഡ്രൈവർ ആസ്ഥാനത്ത്‌ അവരാടെന്ന പോലെ ഒരു ചോദ്യം. ഈ വർഷവും ശബരിമല പോകുന്നോ. ചോദ്യം പരിഹാസത്തോടെ. എന്നിട്ട് അശ്ലീല ചുവയോടെ എന്നെ ഒരു നോട്ടവും. അത് കഴിഞ്ഞു വെസ്റ്റ് ഹിൽ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്. ഇറങ്ങണം എന്നുപറഞ്ഞിട്ടും ബസ് നിർത്താതെ വളരെ ദൂരം കഴിഞ്ഞാണ് ബസ് നിർത്താൻ ഡ്രൈവർ തയ്യാറായതു. അതിനിടയിൽ എന്നെ അയാൾ തെറിയും പറഞ്ഞു. ഡ്രൈവർക്കെതിരെ ഞാൻ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.