"അന്വേഷണം അവസാനിപ്പിച്ച ചാരവൃത്തിക്കേസ് തുറപ്പിച്ചത് ദേശാഭിമാനി"; "ക്രെഡിറ്റ്" അവകാശപ്പെട്ട് പത്രത്തിന്റെ പഴയ കോപ്പി

കുപ്രസിദ്ധമായ ചാരവൃത്തി കേസില്‍ ഐ.എസ്.ആർ.ഒയിലെ ഉന്നതരുടെ സമ്മർദ്ദത്തിന് വഴങ്ങി അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ ദേശാഭിമാനി ദിനപത്രം ഇത് കണ്ടെത്തി എന്നും, കേസിൽ പുനരന്വേഷണത്തിന് ഈ വാർത്ത കാരണമായി എന്നും അവകാശപ്പെടുന്ന പത്രത്തിന്റെ പഴയ കോപ്പി ഫെയ്സ്ബുക്കിൽ പങ്കുവെച്ച് മാധ്യമ പ്രവർത്തകൻ.

കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകർക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിപരമായ പ്രചാരണങ്ങളുമായി സി.പി.എം അണികൾ രംഗത്തെത്തി. ഇതേ ചൊല്ലിയുള്ള തർക്കവിതർക്കങ്ങൾ വലിയ രീതിയിൽ നടക്കുന്നുണ്ട്.

ചാരവൃത്തിക്കേസിൽ മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെ മുന്‍നിര്‍ത്തിയും സി.പി.എം പക്ഷം വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെയാണ് അബ്ദുള്‍ റഷീദ് എന്ന മാധ്യമ പ്രവർത്തകൻ പഴയ ദേശാഭിമാനി പത്രത്തിന്റെ കോപ്പി ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഇതോടെ മനോരമയിൽ നിന്നും വ്യത്യസ്തമായ നിലപടായിരുന്നില്ല ചാരവൃത്തിക്കേസിൽ ദേശാഭിമാനിയും സ്വീകരിച്ചത് എന്ന് വ്യക്തമായിരിക്കുകയാണ്.

“രാജ്യത്തെ നടുക്കിയ ബഹിരാകാശ ചാരവൃത്തിക്കേസ് ദേശാഭിമാനി ദിനപത്രമില്ലായിരുന്നെങ്കിൽ പുറത്തു വരുമായിരുന്നില്ലെന്നു കൽക്കത്തയിലെ ഇംഗ്ലീഷ് ദിനപത്രം ടെലിഗ്രാഫ് ചൂണ്ടിക്കാട്ടുന്നു. ഐ എസ് ആർ ഒ യിലെ ഉന്നതരുടെ സമ്മർദ്ദത്തിന് വഴങ്ങി കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് തുടരുന്നു. എന്നാൽ സി.പി.ഐ (എം) മുഖപത്രമായ ദേശാഭിമാനി ഇത് കണ്ടെത്തി. പെണ്ണിനും പണത്തിനും വേണ്ടി ബഹിരാകാശ ഗവേഷണ രംഗത്തെ രഹസ്യങ്ങളാണു ശശികുമാർ വിറ്റതെന്നു പത്രം പ്രസിദ്ധീകരിച്ച വാർത്തയിൽ പറഞ്ഞു വാർത്ത വന്നതോടെ അടച്ച കേസ് തുറക്കേണ്ടി വന്നു. വിശദമായ അന്വേഷണം നടത്താൻ പൊലീസ് നിർബന്ധിതരായി. അന്വേഷണത്തെ തുടർന്ന് മരിയത്തിന്റെ സഹായി ഫൗസിയ ബാംഗ്ലൂരിൽ അറസ്റ്റിലായി. ശശികുമാറിനെ അഹമ്മദാബാദിലും അറസ്റ്റ് ചെയ്തു. ” എന്നാണ് “ചാരവൃത്തിക്കേസ്: അധ്യായം തുറന്നത് ദേശാഭിമാനി” എന്ന തലക്കെട്ടിൽ ദേശാഭിമാനി ദിനപത്രം പണ്ട് അവകാശവാദം പ്രസിദ്ധീകരിച്ചത്.

https://www.facebook.com/abdul.rasheed.73932/posts/10221619458331107