വിഷുദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ വീടുകളിലേക്ക് ക്ഷണിച്ച് ബിജെപി, കൈനീട്ടവും നല്‍കും

വിഷു ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച് ബിജെപി. ഈസ്റ്റര്‍ ദിനത്തില്‍ അരമനകളിലും വിശ്വാസികളുടെ വീട്ടിലേക്കും ബിജെപി നടത്തിയ സ്‌നേഹയാത്രയുടെ തുടര്‍ച്ചയാണിത്. ക്ഷണപ്രകാരമെത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടവും നല്‍കും.

പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. പെരുന്നാളിന് മുസ്ലീം വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിക്കാനും ബിജെപി തീരുമാനമുണ്ട്. ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉറപ്പിക്കാന്‍ പ്രതി മാസ സമ്പര്‍ക്ക പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം.

ഈസ്റ്റര്‍ ദിനത്തിലെ സ്‌നേഹ യാത്രയുടെ തുടര്‍ച്ച ആയി വിശ്വാസികളുടെ വീടുകള്‍ ഓരോ മാസവും സന്ദര്‍ശിക്കാന്‍ ബിജെപി ഭാരവാഹി യോഗത്തില്‍ തീരുമാനമായി. പെരുന്നാള്‍ ദിനത്തില്‍ തെരഞ്ഞെടുത്ത മുസ്ലിം വിശ്വാസികളുടെ വീട് സന്ദര്‍ശിച്ചും ആശംസ നേരും.

25 ന് കൊച്ചിയില്‍ നടക്കുന്ന ‘യുവം’ പരിപാടിയില്‍ പങ്കെടുക്കാന്‍ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.അന്ന് മോദിയുടെ റോഡ് ഷോ നടത്തും. കേരളത്തിനുള്ള രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്താനും സാധ്യത ഉണ്ട്.

സ്‌നേഹയാത്രയ്ക്ക് പിന്നാലെ ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരുടെ അനുകൂല പ്രസ്താവനകള്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെകൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈസ്റ്റര്‍ ദിനത്തിലെ സ്‌നേഹയാത്ര സംഘടിപ്പിച്ചത്. ഇത്തരത്തിലുളള നീക്കങ്ങള്‍ ബിജെപിയോടുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അനുകൂല സമീപനത്തിന് ശക്തിപകരുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് എത്തിക്കാനാവുമെന്നുമാണ് നേതൃത്വം കണക്കുകൂട്ടുന്നത്.