'ഇങ്ങനെയൊരു ചാനൽ ഉണ്ടെന്നറിയിച്ച അളിയന് നന്ദി'! ഒറ്റ ദിവസം കൊണ്ട് ഒന്നര ലക്ഷം സബ്സ്ക്രൈബേഴ്സ്, തരംഗമായി മനാഫിന്റെ യുട്യൂബ് ചാനൽ

അർജുന്റെ കുടുംബത്തിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി ലോറി ഉടമ മനാഫും മനാഫിന്റെ യുട്യൂബ് ചാനലും. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ കുടുംബം ഇന്നലെയാണ് ലോറി ഉടമ മനാഫിനെതിരെ രംഗത്തെത്തിയത്. അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും ആയിരുന്നു വാര്‍ത്താസമ്മേളനത്തിൽ അര്‍ജുന്‍റെ കുടുംബത്തിന്റെ ആരോപണം.

എന്നാൽ കുടുബത്തിന്റെ ആരോപണത്തെ പ്രതികൂലിച്ചുകൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളിലെ ഭൂരിഭാഗം ചർച്ചകളും. രാഷ്ട്രീയ- വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നതാണ് പ്രധാനമായി ഉയര്‍ന്നു വന്ന ആരോപണം. ഇന്നലെ വരെ പതിനായിരം പേർ മാത്രമുണ്ടായിരുന്ന ചാനലിന്റെ ഇന്നത്തെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 141,000 ആണ്.

ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച അളിയന് നന്ദിയെന്നും അളിയന്‍റെ ഈഗോ കാരണം മനാഫ്ക്ക വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. മനാഫിന്‍റെ ഉദ്ദേശം വേറെയാണെങ്കില്‍ അര്‍ജുനെ കിട്ടിയതിന് ശേഷം വേറെ വീഡിയോ ഇട്ടേനെയെന്നും ചിലര്‍ കുറിച്ചു. അതേസമയം അർജുന്റെ അളിയൻ ജിതിന് എതിരെ വ്യക്തിപരമായ ആക്ഷേപ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ജിതിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിച്ച് ‘അളിയൻ സംഘിയാണെന്നും അതുകൊണ്ടാണ് ഇത്തരം ചിന്താഗതിയെന്നും’ കമന്റുകളിൽ പറയുന്നു.

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ഇന്നലെ മനാഫും പ്രതികരിച്ചിരുന്നു. അർജുനെ കണ്ടെത്താനുള്ള ദൗത്യം വിജയിപ്പിക്കാൻ വേണ്ടിയാണ് ചാനൽ തുടങ്ങിയതെന്നും താന്‍ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്ത് വന്ന് നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്‍റെ പ്രതികരണം. തന്റെ ലോറിക്ക് അര്‍ജുന്‍ എന്ന പേരിടരുതെന്ന് കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ആയ തീരുമാനത്തിലുറച്ച് നിൽക്കുന്നവെന്നും മനാഫ് പറഞ്ഞു. ഞാന്‍ അര്‍ജുന്‍ എന്നുതന്നെ പേരിടും, ടാറ്റാ, ബിര്‍ളാ, പെപ്സി, കൊക്കകോള പോലെ റജിസ്റ്റേഡ് പേരാണോ അർജുൻ, ഇന്റെ ലോറി, അതിന് ഞാന്‍ എനിക്ക് ഇഷ്ടമുള്ള പേരിടുമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.