2181 റെയിഡുകള്‍, 368 അറസ്റ്റ്, പിടിച്ചെടുത്തത് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന്; കേരളത്തില്‍ വ്യാപക പരിശോധനയുമായി എക്‌സൈസ്; ലഹരിയുടെ അടിവേര് അറുക്കാന്‍ ശ്രമം

മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്‌സൈസ് നടത്തിയ സംസ്ഥാന വ്യാപക റെയിഡുകളില്‍ പിടികൂടിയത് ലക്ഷങ്ങുടെ മയക്കുമരുന്ന്. ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു. കേസുകളില്‍ 378 പേരെയാണ് ആകെ പ്രതിചേര്‍ത്തത്. പ്രതികളില്‍ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകള്‍ എക്‌സൈസ് നടത്തി, ഇതിന് പുറമേ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 39 സംയുക്ത പരിശോധനകളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് 21,389 വാഹനങ്ങള്‍ പരിശോധിച്ചു. മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങള്‍ പിടിച്ചിട്ടുണ്ട്. 602 സ്‌കൂള്‍ പരിസരം, 152 ബസ് സ്റ്റാന്‍ഡ് പരിസരം, 59 ലേബര്‍ ക്യാമ്പുകള്‍, 54 റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടിയിട്ടുണ്ട്. മാര്‍ച്ച് 12 വരെയാണ് നിലവില്‍ ക്യാമ്പയിന്‍ നിശ്ചയിച്ചിരിക്കുന്നത്.

പ്രതികളില്‍ നിന്ന് 56.09 ഗ്രാം എം.ഡി.എം.എ, 23.11 ഗ്രാം മെത്താഫിറ്റാമിന്‍, എല്‍.എസ്.ഡി., നൈട്രോസെഫാം ടാബ്ലറ്റ്, 10.2 ഗ്രാം ഹെറോയിന്‍, 4 ഗ്രാം ചരസ്, 2.05 ഗ്രാം ഹാഷിഷ്, 23.7 ഗ്രാം ഹാഷിഷ് ഓയില്‍, 77.8 കിലോ കഞ്ചാവ്, 43 കഞ്ചാവ് ചെടികള്‍, 96 ഗ്രാം കഞ്ചാവ് ബാംഗ്, കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധനയുടെ ഭാഗമായി 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കൂടി കണ്ടെത്താനായി. ഈ കേസുകളിലായി 10,430 ലിറ്റര്‍ സ്പിരിറ്റും 101.8 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചിട്ടുണ്ട്.

മയക്കുമരുന്നിനെതിരെ കൂടുതല്‍ നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോകും. സ്‌കൂളുകളും കോളേജുകളും ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള വ്യാപകപരിശോധന തുടരുമെന്നും മന്ത്രി എംബി രാജേഷ് അറിയിച്ചു.