അമിത നികുതിക്ക് എതിരെ സമര പ്രഖ്യാപനം; നിയമ സഭയില്‍ എം.എല്‍.എമാരുടെ നിരാഹാരം; നാടകീയമായി യുവതുര്‍ക്കികളെ ഇറക്കി പ്രതിപക്ഷ നേതാവ്

കേരള ബജറ്റിലെ അമിത നികുതി വര്‍ദ്ധനവിനെതിരെ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. ഇന്ധനസെസ് പൂര്‍ണമായി പിന്‍വലിക്കണം അമിത നികുതികള്‍ പിന്‍വലിക്കുക എന്നിവ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നാല് എംഎല്‍എമാരാണ് ആദ്യം നിയമസഭാ കവാടത്തിന് മുന്നില്‍ സമരത്തിന് ഇരിക്കുക.

ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി.ആര്‍ മഹേഷ് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. ഇന്നു നിയമസഭാ സമ്മേളനത്തിനിടെയാണ് നാടകീയമായി പ്രതിപക്ഷ നേതാവ് സമരം പ്രഖ്യാപിച്ചത്. സഭാ നടപടികള്‍ തടസപ്പെടുത്താതെ സമരവുമായി മുന്നോട്ട് പോകുമെന്ന് അദേഹം അറിയിച്ചു. വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ കടുംപിക്കുമെന്നും അദേഹം സഭയില്‍ വ്യക്തമാക്കി. നിയമസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകളുമായാണ് യുഡിഎഫ് അംഗങ്ങള്‍ സഭയിലെത്തിയത്.