നിയമസഭയിൽ ഇന്നു നടന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ആകാംക്ഷയ്ക്ക് വിരാമമിട്ട് വിവാദഭാഗങ്ങള്‍ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെയുള്ള വിമർശനം വായിക്കില്ലെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവർണർ അറിയിക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയാണ് നിയമസഭയില്‍ ഗവര്‍ണറെ നേരിട്ടത്. കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് രാവിലെ 8.57-നാണ് ഗവര്‍ണര്‍ നിയമസഭയിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, നിയമമന്ത്രി എകെ ബാലന്, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയിലേക്ക് സ്വാഗതം ചെയ്തത്. ഈ സമയം പൊലീസുകാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ഗവര്‍ണര്‍ നിയമസഭാ ഹാളിലേക്ക് പ്രവേശിക്കും മുമ്പേ തന്നെ യുഡിഎഫ് എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ സംഘടിച്ചു. നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ തിരിച്ചു വിളിക്കുക.. എന്ന് എഴുതിയ ബാനറും “സിഎഎ പിന്‍വലിക്കുക, ഗവര്‍ണറെ തിരിച്ചു വിളിക്കുക എന്ന് ഇംഗ്ലീഷില്‍ എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിപക്ഷ എംഎല്‍എമാരുടെ കൈവശമുണ്ടായിരുന്നു.
ബ്യൂഗിള്‍ വിളിയുടെ അകമ്പടിയോടെ ഗവര്‍ണറും മുഖ്യമന്ത്രിയും അടങ്ങുന്ന സംഘം ബെഞ്ചുകള്‍ക്ക് മദ്ധ്യേ സ്പീക്കറുടെ ഡയസിലേക്ക് എത്തും മുമ്പേ പ്രതിപക്ഷം ഇവരെ തടഞ്ഞു. കോള്‍ ബാക്ക് ഗവര്‍ണര്‍ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷാംഗങ്ങള്‍ നിലയുറപ്പിച്ചതോടെ പത്ത് മിനിറ്റോളം ഇവര്‍ക്ക് നിന്നിടത്തു തന്നെ തുടരേണ്ടി വന്നു. പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ സ്പീക്കറും മുഖ്യമന്ത്രിയും നിയമ മന്ത്രിയും അവരുമായി സംസാരിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
സഭയുടെ നടുത്തളത്തില്‍ മുന്നോട്ട് പോകാനാവാതെ ഗവര്‍ണറും മുഖ്യമന്ത്രിയും സ്പീക്കറും മിനിറ്റുകളോളം നിന്നതോടെ അന്തരീക്ഷം മുറുകി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തനിക്ക് നേരെ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത പ്രതിപക്ഷ എംഎല്‍എമാരെ നോക്കി ചിരിക്കുകയും ഇടയ്ക്കിടെ അവരെ വണങ്ങുകയും ചെയ്തു. ഇടയ്ക്ക് എപ്പോഴോ ഗവര്‍ണര്‍ പ്രതിപക്ഷ എംഎല്‍എമാരെ നോക്കി എന്തോ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയും ഗവര്‍ണറോട് എന്തോ പറയുന്നത് കണ്ടു.
അനുനയ നീക്കങ്ങള്‍ പാളിയതോടെ പ്രതിപക്ഷ എംഎല്‍എമാരെ നീക്കാന്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്കി. ഒടുവില്‍ 9.05-ഓടെ രണ്ട് വശത്തും നിന്നും വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ കൂട്ടത്തോടെ മുന്നോട്ട് എത്തുകയും എംഎല്‍എമാരെ ഒരോരുത്തരെയായി ബലമായി പിടിച്ചു മാറ്റുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയില്‍ ഗവര്‍ണര്‍ മുന്നോട്ട് നീങ്ങിയെങ്കിലും പിടിച്ചു മാറ്റാനുള്ള ശ്രമം പ്രതിരോധിച്ച അന്‍വര്‍ സാദത്ത് നിലത്തു ഉരുണ്ടു വീണു. ബഹളങ്ങള്‍ക്കിടെ ഗവര്‍ണറും സ്പീക്കറും വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ വലയത്തില്‍ ഡയസിലെത്തി.
ഗവര്‍ണര്‍ ഡയസിലെത്തിയതോടെ ദേശീയഗാനം മുഴങ്ങുകയും വാച്ച് ആന്‍ഡ് വാര്‍ഡുമാരുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ മാറി നില്‍ക്കുകയും ചെയ്തു. ദേശീയ ഗാനം അവസാനിച്ചതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചു. ഇതിനിടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണറെ സ്പീക്കര്‍ ക്ഷണിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ആരംഭിക്കുകയും ചെയ്തു. പ്രസംഗത്തിനായി മൈക്കിന് അടുത്തേക്ക് എത്തിയ ഗവര്‍ണര്‍ക്ക് നേരെ പ്രതിക്ഷത്തിന്റെ മുദ്രാവാക്യം വിളി ഉച്ചസ്ഥായിലായതോടെ ഗവര്‍ണര്‍ അവരെ നോക്കി പ്രത്യേകം വണങ്ങുകയും എന്നിട്ട് പ്രസംഗം ആരംഭിക്കുകയും ചെയ്തു.
കേരള നിയമസഭയുടെ കടലാസ് രഹിത സഭാപദ്ധതിയുടെ ഭാഗമായി സംസാരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിനായി പ്രവര്‍ത്തിച്ച സ്പീക്കറേയും നിയമസഭാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായും ഗവര്‍ണര്‍ മലയാളത്തില്‍ പറഞ്ഞു. ഇതിനിടെ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇംഗ്ലീഷില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചെന്നിത്തല പറഞ്ഞു തീരും മുമ്പേ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കമിട്ടു. ഇതോടെ കോള്‍ ബാക്ക് ഗവര്‍ണര്‍ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭ വിട്ടു പുറത്തേക്ക് പോയി പ്രവേശനകവാടത്തില്‍ പ്രതിഷേധം ആരംഭിച്ചു.
കേരള നിയമസഭയുടെ ഏഴ് വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും ശക്തമായ പ്രതിഷേധം ഗവര്‍ണര്‍ക്ക് നേരെയുണ്ടാവുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയില്‍ യുദ്ധസമാനമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭരണത്തലവനായ ഗവര്‍ണര്‍ പ്രതിപക്ഷം നടുത്തളത്തില്‍ തടയുകയും പത്ത് മിനിറ്റോളം അവര്‍ വഴിയില്‍ കുടുങ്ങുകയും ചെയ്ത അവസ്ഥയില്‍ സമാനമായ രംഗങ്ങളിലേക്കാണോ സഭ പോകുന്നതെന്ന ആശങ്ക ഒരു നിമിഷം പടര്‍ന്നിരുന്നു. എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ കായികമായി നേരിടേണ്ടതില്ലെന്ന നയം പ്രതിപക്ഷ എംഎല്‍എമാര്‍ സ്വീകരിച്ചതോടെ സംഘര്‍ഷം വഴിമാറി.
നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച ഗവര്‍ണര്‍ എല്ലാം കൃത്യമായി തന്നെ വായിച്ചു പോകുകയും പൗരത്വ നിയമത്തെ പരാമര്‍ശിക്കുന്ന ഭാഗം എത്തിയപ്പോള്‍ മാത്രം മുഖ്യമന്ത്രിയെ ബഹുമാനിച്ചു കൊണ്ട്, വ്യക്തിപരമായ വിയോജിപ്പോടെ നയപ്രഖ്യാപനത്തിലെ ഈ ഭാഗം വായിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
രൂക്ഷവിമർശനമാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ പതിനെട്ടാം ഖണ്ഡികയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ സര്‍ക്കാര്‍ നടത്തുന്നത്. പൗരത്വ നിയമഭേദഗതി ഭരണഘടന അനുശാസിക്കുന്ന തുല്യതയെയും മതനിരപേക്ഷതയെയും തകർക്കും. ഇത് ഭരണഘടനയ്ക്ക് തന്നെ എതിരാണ്. അതിനാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നും, ഇതിനെതിരായ പ്രതിഷേധങ്ങൾ തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. വ്യക്തിപരമായ വിയോജിപ്പോടെ, മുഖ്യമന്ത്രിയോടുള്ള ബഹുമാനത്തെപ്രതി താനിത് വായിക്കുന്നുവെന്ന് ഗവർണർ പറയുമ്പോൾ, അത് മറ്റൊരു നാടകീയതയുടെ അവസാനമായി. വിവാദമായ പതിനെട്ടാം ഖണ്ഡികയിലെ ഒരോ വാചകവും ഗവര്‍ണര്‍ വായിക്കുമ്പോള്‍ ഡെസ്കില്‍ അടിച്ചാണ് ഭരണപക്ഷ എംഎല്‍എമാര്‍ ആഹ്ളാദം പ്രകടിപ്പിച്ചത്.
Read more
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കി സഭ വിട്ട് പുറത്തിറങ്ങിയ ഗവര്‍ണറോട് നിയമസഭയുടെ പൂമുഖത്ത് കാത്തുനിന്ന മാധ്യമങ്ങള്‍ ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഉണ്ടായതെന്നും എങ്ങനെ പ്രതികരിക്കുന്നുവെന്നും ചോദിച്ചു. എന്നാല്‍ ഇതിനേക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ താന്‍ നിയമസഭയില്‍ ഉണ്ടായിരുന്ന കാലത്ത് കണ്ടിട്ടുണ്ടെന്നും ഇതൊന്നും വലുതായി കാണുന്നില്ലെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി.