ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ സമ്മേളനം വീണ്ടും പുനരാരംഭിക്കുമ്പോള്‍ ബഫര്‍സോണ്‍ വിഷയം ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനമെന്തെന്ന് പ്രതിപക്ഷം ചോദിച്ചേക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എടുത്ത സമീപനവും സര്‍ക്കാരിന്റെ സമീപനവും വീണ്ടും ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ശൂന്യവേളയിലാകും വിഷയം ഉന്നയിക്കുക.
അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എംഎല്‍എ മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് പിണറായി മറുപടി നല്‍കിയേക്കും. പിഡബ്ല്യുസി ഡയറക്ടര്‍ ജയിക് ബാലകുമാര്‍ മെന്റര്‍ ആണെന്ന് വീണ വിജയന് വിശേഷിപ്പിച്ചെന്ന വെബ് സൈറ്റ് വിവരം മാത്യു കുഴല്നാടന് പുറത്തുവിട്ടിരുന്നു. മാത്യു കുഴല്നാടന് പച്ചക്കള്ളം പറഞ്ഞെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കുന്നതിനെ കുറിച്ചും കോണ്‍ഗ്രസ് ആലോചിച്ചു തീരുമാനം എടുക്കും.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷം വീണ്ടും സഭയില്‍ ഉന്നയിച്ചേക്കും. ചൊവ്വാഴ്ച നടന്ന അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം സ്വപ്ന ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ക്ലിഫ് ഹൗസില്‍ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2120 വരെ പല തവണ പോയിട്ടുണ്ടെന്നും അതിന്റെ സിസിടി വി ദൃശ്യങ്ങള്‍ പുറത്തു വിടൂവെന്നും സ്വപ്ന പറഞ്ഞിരുന്നു.
തന്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനല്‍ വഴി എന്തിനു കൊണ്ടുപോയി ? പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത് എന്നെല്ലാമുള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിച്ചത്. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി നല്‍കിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത് ചട്ടങ്ങള്‍ മറികടന്നായിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് എം.ഇ.എ അനുമതിയുണ്ടായിരുന്നില്ല.
Read more
വീണ വിജയന്റെ ബിസിനസ് താല്പര്യ പ്രകാരമാണ് ഷാര്‍ജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. ഡി ലിറ്റിന് എത്തിയ ഷാര്‍ജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസില്‍ എത്തിച്ചത്. ഷാര്‍ജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സമ്മാനം നല്‍കുന്നതിന്റെ ദൃശ്യം തന്റെ കൈവശമുണ്ടെന്നും തനിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു.