സി.കെ ജാനുവിനെ പണം നൽകി മുന്നണിയിലെടുക്കേണ്ട ആവശ്യം എൻഡിഎയ്ക്കില്ലെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി(ജെ.ആർ.പി ) എൻഡിഎയിലെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പാർട്ടിയെയും പണം നൽകി എൻഡിഎയിലെടുക്കേണ്ട കാര്യം മുന്നണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഒറ്റക്കെട്ടാണ്. അല്ലെന്നുളളത് ഒരുകൂട്ടം മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും കൃഷ്ണദാസ് പറഞ്ഞു. സി.കെ ജാനുവിനെ പണം നൽകി മുന്നണിയിലെടുക്കേണ്ട ആവശ്യം എൻഡിഎയ്ക്കില്ല. വിഷയത്തിൽ പ്രചരിച്ച ഓഡിയോ ക്ളിപ്പിൽ സംസ്ഥാന അദ്ധ്യക്ഷൻ നിലപാട് അറിയിച്ചു കഴിഞ്ഞുവെന്നും കൃഷ്ണദാസ് പ്രതികരിച്ചു.
Read more
സി.കെ ജാനുവിന് വയനാട്ടിൽ മത്സരിക്കാൻ അൻപത് ലക്ഷം രൂപ നൽകിയെന്ന സംഭവത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പണംവാങ്ങിയതിന് തെളിവുകൾ ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടായിരുന്നു പുറത്തുവിട്ടത്. പത്ത് ലക്ഷം രൂപയുടെ തെളിവാണ് പ്രസീത പുറത്തുവിട്ടത്. പാർട്ടിയിലെ മറ്റൊരാൾ 40 ലക്ഷം കൂടി നൽകിയതായി ആരോപിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ നവാസ് നൽകിയ ഹർജിയിൽ കൽപറ്റ കോടതിയായിരുന്നു ഉത്തരവിട്ടത്. ഐപിസി 171ഇ,171 എഫ് പ്രകാരമാണ് കേസെടുത്തത്. തിരഞ്ഞെടുപ്പിൽ ക്രമവിരുദ്ധമായ നടപടിയെടുക്കുക, കോഴ നൽകുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുൽത്താൻ ബത്തേരി എസ്എച്ച്ഓയാണ് കേസന്വേഷിക്കുക.