മൻസൂറിന്റെ കൊലപാതകം ആസൂത്രിതം, അന്വേഷണസംഘത്തിലുള്ളത് സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികൾ: പി. കെ കുഞ്ഞാലിക്കുട്ടി

പാനൂരിലെ മുസ്ലിം ലീ​ഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമാണെന്നും അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അന്വേഷണം കേവലം ഒരു പ്രഹസനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സംഘട്ടനമല്ല കൊലപാതകങ്ങൾക്ക് കാരണം. അടുത്തിടെയുണ്ടായ കൊലപാതകങ്ങൾക്കെല്ലാം സാമ്യമുണ്ട്. കൊല്ലണമെന്ന് ഉറപ്പിച്ച് സിപിഎം വെട്ടിനുറുക്കുകയാണ്. ജീവന് യാതൊരു വിലയും നല്‍കുന്നില്ല. പ്രതികൾക്ക് നിയമത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ല. ഇത്തരം പ്രവൃത്തികളുടെ കാലം കഴിഞ്ഞു എന്ന് അവര്‍ വൈകാതെ മനസ്സിലാക്കും. പൊലീസിനെ സ്വന്തം ആവശ്യങ്ങൾക്ക് സർക്കാർ ദുരുപയോഗം ചെയ്യുന്നു. അന്വേഷണ സംഘത്തിൻ്റെ മേധാവി തന്നെ കേസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥനാണ്. പഴയതു പോലെ കേസുകൾ തേച്ചുമായ്ച്ചു കളയാമെന്ന് സർക്കാർ കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയെങ്കിലും നേതൃത്വത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തില്‍ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ യുഡിഎഫിന്റെ നേതാക്കള്‍ മന്‍സൂറിന്റെ വീട്ടില്‍ പോകുന്നുണ്ട്. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെ പോകാനും പാര്‍ട്ടിയും മുന്നണിയും പിന്നില്‍ തന്നെ നില്‍ക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.