കള്ളപ്പണ ഇടപാട് കണ്ടെത്താൻ എൽഡിഎഫിന് സ്‌ക്വഡുണ്ടെന്ന് പി സരിൻ; ഹോട്ടൽ റെയ്ഡ് എം ബി രാജേഷിൻ്റെ പദ്ധതിയെന്ന് കെ സുധാകരൻ

കള്ളപ്പണ ഇടപാട് കണ്ടെത്താൻ എൽഡിഎഫിന് സ്‌ക്വഡുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കള്ളപ്പണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റേയും ബിജെപിയുടേയും ഇടയിൽ നടക്കുന്ന കൈമാറ്റങ്ങൾ കണ്ടെത്താൻ കഴിയുമെന്നും സാറിന് പറഞ്ഞു. അതേസമയം കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ നടന്ന റെയ്‌ഡ് മന്ത്രി എം ബി രാജേഷിൻ്റെ സൃഷ്‌ടിയാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.

എൽഡിഎഫിന്റെ സ്‌ക്വഡ് വഴി വളരെ കൃത്യമായ വിവരം കിട്ടുമെന്നും പി സരിൻ പറഞ്ഞു. എവിടെ, എന്ത്, ആര് ചെയ്താലും അത് മനസ്സിലാവും. ഇതിനായി സിസിടിവിക്കുമപ്പുറം ജനങ്ങളുടെ അകക്കണ്ണ് എന്താണെന്ന് അറിയുന്ന എൽഡിഎഫ് പ്രവർത്തകർ 24 മണിക്കൂറും ജാഗരൂകരാണെന്നും സരിൻ കൂട്ടിച്ചേർത്തു. ബാഗിൽ കൊണ്ടുപോയതാണ് സി.സി.ടി.വിയിൽ വ്യക്തമായത്. അല്ലാതെ കൊണ്ടുപോയതും കിട്ടിയതും കൊടുത്തതുമൊക്കെ ചർച്ചയാകും. പണമൊഴുക്കി തുടങ്ങിയ ഒരു തിരഞ്ഞെടുപ്പായി ഇത് മാറിയെന്ന് മൂന്ന് ദിവസംമുമ്പ് ഞാൻ സൂചിപ്പിച്ചിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ഇനി എന്തൊക്കെയാണ് പുറത്ത് വരാനുള്ളതെന്ന് ഓരോ ദിവസം കഴിയും തോറും കാണാമെന്നും സരിൻ പറഞ്ഞു.

അതേസമയം പാലക്കാട് റെയ്‌ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എംബി രാജേഷ് ആണെന്ന് കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ കൈയ്യിൽ കാശുള്ളതായി ആരാണ് കണ്ടതെന്നും സുധാകരൻ ചോദിച്ചു. മന്ത്രി എംബി രാജേഷിൻ്റെ സൃഷ്‌ടിയാണ് ഇതെന്നാണ് ഞങ്ങൾക്ക് കിട്ടിയ ആധികാരികമായ വിവരം. ഹോട്ടലിൽ റെയ്‌ഡ് ചെയ്യണമെന്ന് പോലീസിനോട് കർക്കശമായി ആവശ്യപ്പെട്ടു. പക്ഷേ, ഇന്ന് രാജേഷിന് ഉത്തരമില്ല. രണ്ട് വനിതകൾ താമസിക്കുന്ന മുറിയിൽ പോലീസുകാർ റെയ്‌ഡ് ചെയ്യാൻ പോകുക എന്ന് പറയുന്നത് എത്ര ലജ്ജാകരമാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം ഉപതിരഞ്ഞെടുപ്പിൽ കള്ളപ്പണമൊഴുകിയെന്നത് യാഥാർഥ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. താമസിക്കാത്ത സ്ഥലത്ത് എന്തിനാണ് വസ്ത്രവും കൊണ്ടുവന്നതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. രാഹുൽപറയുന്നതൊക്കെ കള്ളമാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ ബാഗ് കൊണ്ടുവന്നതുതന്നെ ഒരു കേസിലെ പ്രതിയാണ്. ഇതിലപ്പുറം എന്താണുള്ളതെന്നും ഗോവിന്ദൻ ചോദിച്ചു.