സിപിഎം സംസ്ഥാന സമിതി അംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കുമെന്ന് സൂചന. ദിനേശന്‍ പുത്തലത്താണ് ഇപ്പോഴത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി. ഇദ്ദേഹത്തെ ദേശാഭിമാനിയുടെ പത്രാധിപരാക്കാനുള്ള ആലോചനയെ തുടര്‍ന്നാണ് പി ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഈ മാസം 18നും 19നുമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേിയറ്റ്, സംസ്ഥാനസമിതി യോഗങ്ങളില്‍ ചുമതലകളില്‍ ആരൊക്കെ വരണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
സിപിഎമ്മന്റെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നിലവില്‍ ‘ദേശാഭിമാനി’ പത്രാധിപരുടെ ചുമതല നിര്‍വഹിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലും പത്രത്തിന്റെ ദൈനംദിന ജോലികളും ഒരുമിച്ച് പൂര്‍ണമായും നടത്താന്‍ പ്രയാസമുള്ളതിനെ തുടര്‍ന്നാണ് പത്രാധിപരെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read more
പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുള്ള സംസ്ഥാന സമിതിയംഗമായ പി ശശി 1996-2001ല്‍ ഇ കെ നയനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. എകെജി പഠന-ഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അക്കാദമിയുടെയും ചുമതലകളിലേക്കും പുതിയ ആളെ കണ്ടെത്തണം. നിലവില്‍ ഇവയുടെ ചുമതല എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനാണ്. എന്നാല്‍ പോളിറ്റ് ബ്യുറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇദ്ദേഹം പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുന്നതിനാല്‍ ഈ ചുമതലകളില്‍ നിന്ന് ഒഴിയും.