പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ ഉരുള്‍പൊട്ടലിന് കാരണമാകും; പൊളിച്ചു മാറ്റണമെന്ന് വനം വകുപ്പ്

പിവി അന്‍വര്‍ എംഎല്‍എയുടെ തടയണയ്‌ക്കെതിരെ വനം വകുപ്പ് റിപ്പോര്‍ട്ട്. കോഴിക്കോട് കക്കാടംപൊയിലില്‍ നിര്‍മിച്ച തടയണ ഉരുള്‍പൊട്ടലിനും വന്‍തോതില്‍ മണ്ണൊലിപ്പിനും കാരണമാകുമെന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലം സന്ദര്‍ശിച്ച് നിലമ്പൂര്‍ ഡിഎഫ്ഒ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് നല്‍കുന്ന മൂന്നാമത്തെ റിപ്പോര്‍ട്ടാണിത്.

വനത്തില്‍ ഉടലെടുത്ത് ചാലിയാറില്‍ പതിക്കേണ്ട കാട്ടരുവിയിലാണ് പി.വി.അന്‍വര്‍ മണ്ണു തടയണ കെട്ടിയത്. മണ്ണുകൊണ്ടുള്ളതായതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇത് തകരാം. തടയണ പൊട്ടിയാല്‍ നിലവിലുള്ള നീര്‍ച്ചാല്‍ ഗതിമാറി വനത്തിലേക്ക് ഒഴുകുമെന്ന് നിലമ്പൂര്‍ ഡിഎഫ്ഒ രണ്ടാഴ്ച മുന്‍പ് പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചീങ്കണ്ണിപ്പാലിയിലെ അനധികൃതനിര്‍മാണത്തെക്കുറിച്ച് ആര്‍ഡിഒ വിവിധവകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് വനംവകുപ്പിന്റെ നടപടി.