നപുംസകങ്ങളുടെ ഭീഷണി പേടിക്കില്ല; മരങ്ങാട്ടുപിള്ളിയില്‍നിന്ന് കുടിയേറിയതല്ല; ജോസിനെ വെട്ടി ജോസിന്‍; പാലായില്‍ പാളയത്തില്‍ പട

കേരള കോണ്‍ഗ്രസ് എമ്മിനെതിരെയും ചെയര്‍മാന്‍ ജോസ് കെ മാണിക്കെതിരെയും ആഞ്ഞടിച്ച് സിപിഎം പ്രതിനിധിയും പാലാ നഗരസഭാധ്യക്ഷയുമായ ജോസിന്‍ ബിനോ. കേരള കോണ്‍ഗ്രസ് എം. പ്രതിനിധി ചെയര്‍മാനായിരുന്നപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത ശ്മശാനം ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തതിനെതിരേ കഴിഞ്ഞ ദിവസം ജോസിന്‍ രംഗത്തെത്തുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്തുവരുകയും മാപ്പ് പറഞ്ഞതില്‍ ഖേദം രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇതു തള്ളിയാണ് ജോസിന്‍ ബിനോ ഇപ്പോള്‍ ആഞ്ഞടിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം ബാലിശവും അപഹാസ്യവുമാണെന്ന് അവര്‍ പറഞ്ഞു.

സി.പി.എം. എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലുംകരുതലും ഉള്ളിടത്തോളം കാലം ഇതുപോലുള്ള നപുംസകങ്ങളുടെ ഭീഷണിയെയും ജല്പനങ്ങളേയും പേടിയില്ല. പ്രസ്താവനകളില്‍ ആവര്‍ത്തിച്ച് 17-ല്‍ 14 എന്ന് വീമ്പ് പറയുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സി.പി.എമ്മിന്റെ ആറു കൗണ്‍സിലര്‍മാരും അനുസരിക്കുന്നത് നേതാവിന്റെ വീട്ടില്‍നിന്നുവരുന്ന നിര്‍ദേശങ്ങളല്ല. പാര്‍ട്ടി നിര്‍ദേശിക്കുന്നതാണ് പ്രവര്‍ത്തനശൈലി.

പാലാ നഗരസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു സി.പി.എം കൗണ്‍സിലര്‍ അധ്യക്ഷയായതില്‍ പലര്‍ക്കും അസഹിഷ്ണുതയുണ്ടാകാം. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണുതയുണ്ടാകാം. എന്നാല്‍ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി യാഥാര്‍ത്ഥ്യം അഗീകരിച്ച് പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജോസിന്‍ ബിനോ പറഞ്ഞു.

നഗരസഭ നിവാസികള്‍ക്ക് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചു കൊടുക്കുന്നതില്‍ അധ്യക്ഷ തടസ്സംനില്‍ക്കുന്നുവെന്ന രീതിയിലുള്ള പ്രസ്താവന നുണപ്രചാരണമാണ്. വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് നഗരസഭ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനുള്ള തടസ്സം.

സ്വന്തം പാര്‍ട്ടിക്കാരനായ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയോടുമാണ് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആദ്യം പരാതിപ്പെടേണ്ടതെന്നും ജോസിന്‍ ബിനോ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ജയിച്ചാണ് നഗരസഭാധ്യക്ഷയാകുവാനുള്ള യോഗ്യതയായ കൗണ്‍സിലറായതെന്ന് ജോസിന്‍ ബിനോ പറഞ്ഞു.

ജോസ് കെ. മാണിയുടെ കുടുംബത്തിനെതിരേ വ്യക്തിപരമായി ജോസിന്‍ കടന്നാക്രമിച്ചു. മറ്റു ജില്ലകളില്‍നിന്നോ മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍നിന്നോ പാലായില്‍ കുടിയേറിയതല്ല താന്‍ .സ്ത്രീത്വത്തിനെതിരേയും വ്യക്തിപരമായും ആക്ഷേപിച്ച് ഭീഷണിപ്പെടുത്തിയാണ് ചിലര്‍ സംസാരിച്ചത്. അവരുടെ നേതാവ് ജോസ് കെ. മാണിയുടെ അറിവോടെയുള്ള പ്രസ്താവനയാണോ ഇതെന്ന് അറിയേണ്ടതുണ്ട്. അല്ലെങ്കില്‍ അവരെ നിയന്ത്രിക്കുമെന്ന് കരുതുന്നുവെന്ന് പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ പറഞ്ഞു.