'പാലക്കാട് സ്ഥാനാർത്ഥി പുനഃപരിശോധന വേണം'; യാഥാർത്ഥ്യം നേതൃത്വം തിരിച്ചറിയണം, തിരുത്താൻ ഇനിയും സമയമുണ്ട്: പി സരിൻ


പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിൽ പുനഃപരിശോധന വേണമെന്ന് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ. പാലക്കാട്ടെ യാഥാർഥ്യം നേതൃത്വം തിരിച്ചറിയണമെന്നും തിരുത്താൻ ഇനിയും സമയമുണ്ടെന്നും പി സരിൻ പറഞ്ഞു. അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് നൽകിയിരുന്നതായും പി സരിൻ പറഞ്ഞു.

ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ അതൃപ്തി അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി സരിൻ. കോൺഗ്രസ്സ് നേതൃത്വം കാണിക്കുന്നത് തോന്ന്യാസമാണെന്നും സരിൻ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാർഥി നിർണയമാവണമെന്നും ഇല്ലെങ്കിൽ തോൽക്കുക രാഹുൽമാങ്കൂട്ടത്തിലല്ലെന്നും രാഹുൽ ഗാന്ധിയായിരിക്കുമെന്നും പി സരിൻ കൂട്ടിച്ചേർത്തു.

പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കുമെന്നും പി സരിൻ പറഞ്ഞു. ഇൻസ്റ്റ റീലും പോസ്റ്റും ഇട്ടാലും ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരം. ജയിലിൽ കിടന്നാൽ ത്യാഗമാകില്ല. അതേസമയം പാർട്ടി ഒരുമിച്ചെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും പി സരിൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിന് പിന്നാലെയാണ് പി സരിൻ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിലാണ് സരിൻ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സരിൻ. എന്നാൽ സിപിഎമ്മിൻ്റെ സ്വാധീന മേഖലയിൽ ജയിക്കാനായിരുന്നില്ല.