പാലാരിവട്ടം പാലം അഴിമതി കേസ്: ടി.ഒ സൂരജിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന് ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സൂരജ് അടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാം പ്രതി ബെന്നി പോളിന് കോടതി ജാമ്യം അനുവദിച്ചു.

അതേസമയം പാലാരിവട്ടം മേല്‍പ്പാലത്തിന് പ്രശ്‌നമുണ്ടെന്ന് പ്രഥമദൃഷ്ട്യ വ്യക്തമാണ്. അഴിമതിക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.പാലം നിര്‍മ്മാണക്കരാര്‍ ഉറപ്പിക്കാന്‍ രേഖകളിലും തിരിമറി നടത്തിയെന്ന് വിജിലന്‍സ് കഴിഞ്ഞദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നിര്‍മ്മാണത്തിനു കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനിയെ മറികടക്കാന്‍ ടെന്‍ഡര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നു തെളിയിക്കുന്ന രേഖകളും അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറി.

ഇന്ന് രാവിലെ പത്തേകാലോടെ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് കരാറില്‍ ഒപ്പിടുകയായിരുന്നുവെന്നാണ് ടി. ഒ സൂരജ് കോടതിയെ അറിയിച്ചത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാലം നിര്‍മ്മാണത്തിലിരിക്കെ ടി.ഒ സൂരജ് മകന്റെ പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു.