പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇ.ഡി നോട്ടീസ്; ഓ​ഗസ്റ്റ് ആറിന് ഹാജരാകണം

ചന്ദ്രിക പത്രത്തിലെ പണമിടപാടിന്റെ പേരിൽ മുസ്‌ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്.

കോഴിക്കോട് ചികിത്സയിൽ കഴിയുന്ന സ്ഥലത്തെത്തിയാണ് ഇ.ഡി നോട്ടീസ് കൈമാറിയത്. ഓഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദേശം

ജൂലൈ 24ന് ഇ.ഡി പാണക്കാട് നേരിട്ടെത്തി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയെന്ന് കെ.ടി ജലീൽ എം.എൽ.എ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആരോപണം സ്ഥിരീകരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും രം​ഗത്തെത്തി.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാർത്ഥ്യമാണെന്നും ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് സന്ദർശനമെന്നുമാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.

പാലാരിവട്ടം പാലം കമ്മീഷൻ തുക ചന്ദ്രിക പത്രത്തിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ശിഹാബ് തങ്ങൾ ഭാ​ഗമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാൽ മുസ്ലിം ലീഗിന്റെ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി മാറ്റാന്‍ ശ്രമിച്ചെന്നും ഇതിന്റെ ഭാഗമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി. ചോദ്യം ചെയ്തെന്നുമാണ് കെ.ടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Read more

ചന്ദ്രികയിൽ വന്ന പണത്തിന് പാലാരിവട്ടവുമായി ബന്ധമുണ്ടോ എന്നാണ് ഇ.ഡി അന്വേഷിച്ചത്. എല്ലാ ഇടപാടുകളും നടത്തിയത് ബാങ്ക് മുഖേനയാണെന്നും നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു.