മലയാളി യുവവ്യവസായി പി.സി മുസ്തഫയുടെ ബംഗളൂർ ആസ്ഥാനമായുള്ള ഐഡി ഫ്രഷ് ഫുഡ് ബ്രാൻഡിനെതിരെ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ വിമർശിച്ച് എഴുത്തുകാരനായ ബഷീർ വള്ളിക്കുന്ന്. ഗുണനിലവാരമുള്ള നല്ല പ്രൊഡക്റ്റ് മാർക്കറ്റിൽ എത്തിച്ചാൽ കസ്റ്റമേഴ്സ് അത് വാങ്ങി ഹിറ്റാക്കും.. കൈയിൽ കിട്ടിയാൽ ഉടനെ തന്നെ രുചി നോക്കും.. അതിന് സംഘിക്കുട്ടികൾ വാട്സാപ്പ് പ്രചാരണം നടത്തിയിട്ടൊന്നും കാര്യമില്ല എന്ന് ബഷീർ വള്ളിക്കുന്ന് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ആളുകൾ മുസ്തഫയുടെ പൊറോട്ട തിന്നട്ടെ.. ഐഡിയുടെ ഇഡ്‌ലി ദോശ മാവ് ഉപയോഗിച്ച് അടിപൊളി വിഭവങ്ങൾ ഉണ്ടാക്കട്ടെ.. വാട്സാപ്പിലെ സംഘിക്കുട്ടികൾക്ക് പതഞ്‌ജലി ചാണക ബിസ്കറ്റ് ഉണ്ടാക്കുന്നുണ്ട്. അവരതും കഴിക്കട്ടെ എന്നും ബഷീർ വള്ളിക്കുന്ന് കുറിച്ചു.
പശു കൊഴുപ്പ്, പശുവിന്റെ എല്ലും ഭക്ഷണത്തിന്റെ ചേരുവകളിൽ ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള വ്യാജവാർത്തയാണ് സമൂഹ മാധ്യമങ്ങൾ വഴി സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്നത്. മുസ്ലിം മതസ്ഥരെ മാത്രമാണ് ഐ.ഡി ജോലിക്ക് എടുക്കുന്നതെന്നും ഒറ്റ ഹിന്ദു പോലും ഐഡിയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഇവർ ആഹ്വാനം ചെയ്യുന്നു. പ്രൗഡ് ഹിന്ദു/ഇന്ത്യൻ എന്നവകാശപ്പെടുന്ന ട്വിറ്റർ ഉപയോക്താവ് ശ്രീനിവാസ എസ്.ജിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ഇത് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
എന്നാൽ വ്യാജ ആരോപണങ്ങൾക്ക് മുന്നിൽ വഞ്ചിതരാവരുതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഐഡി ഫ്രഷ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. വെജിറ്റേറിയൻ ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നതെന്നും ഇഡലി, ദോശ മാവുകളിൽ അരി, പരിപ്പ്, ഉലുവ, വെള്ളം എന്നവ മാത്രമാണ് ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
യുവവ്യവസായി പി.സി മുസ്തഫയുടെ സംരഭമായ ഐഡി ഫ്രഷ് ഫുഡിൽ പ്രധാനമായും റെഡി ടു കുക്ക് ഇഡലി, ദോശ മാവുകളാണ് വിൽപ്പന നടത്തുന്നത്. ബംഗളൂരു ആസ്ഥാനമായി 2005ൽ പ്രവർത്തനം ആരംഭിച്ച ഐ.ഡി ഫ്രഷ് ഫുഡ്‌സ് മൈസൂർ, മംഗലാപുരം, മുംബൈ, പുനെ, ഹൈദരാബാദ്, വിജയവാഡ, ചെന്നൈ, എറണാകുളം, കോയമ്പത്തൂർ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് സജീവമാണ്. രാജ്യത്തെ 35 നഗരങ്ങളിൽ ഐഡി ഫ്രഷ് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്. യുഎസ്, യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്.
ബഷീർ വള്ളിക്കുന്നിന്റെ കുറിപ്പ്:
ഒരു കസ്റ്റമറുടെ പരാതിയെക്കുറിച്ച് ഐഡി ഫ്രഷ് ഫുഡിന്റ ഉടമ മുസ്തഫ എഴുതിയ ഒരു അനുഭവമുണ്ട്..
അഞ്ച് പൊറോട്ടയുടെ പാക്കറ്റിൽ മൂന്ന് പൊറോട്ട മാത്രമേയുള്ളൂവെന്ന് ഒരു കസ്റ്റമർ മുസ്തഫയ്ക്ക് പരാതി കൊടുത്തു.. ഉടനെ തന്നെ അവരുടെ കസ്റ്റമർ കെയർ ടീം അയാളോട് ക്ഷമ ചോദിക്കുകയും പുതിയൊരു പാക്കറ്റ് അയാൾക്ക് എത്തിക്കുകയും ചെയ്തു. മൂന്ന് പൊറോട്ട മാത്രമുള്ള പാക്കിന്റെ ബാച്ച് നമ്പർ എടുത്ത ശേഷം ഇതെങ്ങിനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഒരു ഇന്റേണൽ ഇൻവെസ്റ്റിഗേഷൻ അവർ ആരംഭിക്കുകയും ചെയ്തു.
അര മണിക്കൂർ കഴിഞ്ഞപ്പോൾ അതേ കസ്റ്റമർ വീണ്ടും വിളിച്ചു.. ഇത്തവണ പരാതി പറയാനല്ല, ക്ഷമ ചോദിക്കാനാണ് വിളിച്ചത്.
എന്താണ് കാരണമെന്നല്ലേ?..
അയാളുടെ ഭാര്യ രണ്ട് പൊറോട്ട ആദ്യം തിന്നിരുന്നുവെന്നുവത്രേ!. അതറിയാതെയാണ് ഞാൻ പരാതി പറഞ്ഞതെന്നും എന്നോട് ക്ഷമിക്കണമെന്നും..
ഗുണനിലവാരമുള്ള നല്ല പ്രൊഡക്റ്റ് മാർക്കറ്റിൽ എത്തിച്ചാൽ കസ്റ്റമേഴ്സ് അത് വാങ്ങി ഹിറ്റാക്കും.. കയ്യിൽ കിട്ടിയാൽ ഉടനെത്തന്നെ രുചി നോക്കും.. അതിന് സംഘിക്കുട്ടികൾ വാട്സാപ്പ് പ്രചാരണം നടത്തിയിട്ടൊന്നും കാര്യമില്ല.
ദാരിദ്ര്യവും പ്രയാസങ്ങളും കാരണം ആറാം ക്ലാസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വയനാട്ടിലെ ഒരു കൂലിപ്പണിക്കാരന്റെ മകനാണ് മുസ്തഫ. മുസ്തഫയുടെ തുടർപഠനവും ((ബി ടെക്കും ബാംഗ്ലൂർ ഐഐഎമ്മിൽ നിന്ന് എംബിഎയും) അതിന്റെ അനുഭവകഥകളും വളരെ വലുതാണ്. ഒരു കിലോ മാവിന്റെ പത്ത് പാക്കറ്റുകൾ ഉണ്ടാക്കി ബാംഗ്ലൂരിലെ കടകളിൽ കൊണ്ട് പോയി കൊടുത്ത് തുടങ്ങിയ മുസ്തയുടെ സംരഭം ഇന്ന് അഞ്ഞൂറ് കോടിയുടെ ടേൺ ഓവർ ഉള്ള ഈ രംഗത്തെ മുൻനിര സ്ഥാപനമാണ്.
ആളുകൾ മുസ്തഫയുടെ പൊറോട്ട തിന്നട്ടെ.. ഐഡിയുടെ ഇഡ്‌ലി ദോശ മാവ് ഉപയോഗിച്ച് അടിപൊളി വിഭവങ്ങൾ ഉണ്ടാക്കട്ടെ.. വാട്സാപ്പിലെ സംഘിക്കുട്ടികൾക്ക് പതഞ്‌ജലി ചാണക ബിസ്കറ്റ് ഉണ്ടാക്കുന്നുണ്ട്. അവരതും കഴിക്കട്ടെ..