സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരി; കെ.പി അനിൽകുമാറിന് പാർട്ടിയിൽ ആദ്യ ചുമതല

കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് പാർട്ടിയിൽ എത്തിയ കെ.പി അനിൽ കുമാറിനെ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി തിരഞ്ഞെടുത്തു.

ജനുവരി 10 മുതൽ 12 വരെ കോഴിക്കോട് നടക്കുന്ന ജില്ലാസമ്മേളനത്തിൻ്റെ സംഘാടക സമിതിയിൽ രക്ഷാധികാരിയുടെ ചുമതലയാണ് ആദ്യമായി പാർട്ടി അനിൽകുമാറിന് ഏൽപ്പിച്ച് നൽകിയത്.

എളമരം കരിം, ടി.പി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ്, കോർപറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ലാ സെക്രട്ടറി പി. മോഹനൻ, മുതിർന്ന നേതാവ് പി. സതീദേവി എന്നിവരാണ് മറ്റ് രക്ഷാധികാരികൾ.

സി.പി.ഐ.എമ്മിൽ എത്തിയ തനിക്ക് വലിയ അംഗീകാരമാണ് പാർട്ടിയിൽ നിന്നും ലഭിക്കുന്നതെന്നും ആദ്യമായി പാർട്ടി ഏൽപ്പിച്ച ചുമതല ആത്മാർത്ഥമായി നിർവഹിക്കുമെന്നും കെ.പി അനിൽകുമാർ പറഞ്ഞു.

കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.പി അനിൽകുമാർ കോൺഗ്രസുമായുള്ള 43 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് സി.പി.ഐ.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.